24×7 ഓൺ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു

Advertisement

കൊല്ലത്ത് ഇന്ന് 27×7 ഓൺ കോടതി പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക രീതിയിൽ സജ്ജീകരിച്ച കോടതിയിൽ അഡീഷണൽ ജില്ലാ ജഡ്ജ് ശ്രീ പി.എൻ.വിനോദ് നാട മുറിച്ച് പ്രവേശിച്ചു. കോടതിയുടെ ചുമതലയുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ശ്രീമതി സൂര്യ സുകുമാരൻ ചാർജെടുത്ത് സിറ്റിംഗ് ആരംഭിച്ചു. കൊല്ലത്തെ എല്ലാ ജുഡീഷ്യൽ ഓഫീസർമാരും, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ഓച്ചിറ.എൻ. അനിൽകുമാർ, സെക്രട്ടറി അഡ്വ എ.കെ. മനോജ്, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്റ്റ് 138-ാം വകുപ്പ് പ്രകാരം ചെക്ക് പാസ്സാകാതെ മടങ്ങുന്ന കുറ്റം സംബന്ധിച്ച കേസുകളാണ് ഈ കോടതിയിൽ ഫയൽ ചെയ്യുന്നത്. തികച്ചും പേപ്പർ രഹിതമായ ഫയലിംഗാണ്. വെബ് സൈറ്റിൽ കയറി നിശ്ചിത ഫോം പുരിപ്പിച്ച് രേഖകൾ അപ്പ്ലോഡ് ചെയ്താണ് കേസ് ഫയൽ ചെയ്യുന്നത്.  ഇന്ന് കോടതിയിലെ ആദ്യത്തെ കേസ് അഡ്വ ആശ ജി.വി ഫയൽ ചെയ്തു. പൂർണ്ണമായും ഇൻ്റർനെറ്റ് നെറ്റ്‌വർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിച്ചാണ് കോടതി പ്രവർത്തിക്കുന്നത്. 24 മണിക്കൂറും കേസുകൾ ഫയലാക്കാവുന്ന കോടതിയുടെ നടപടി വിവരങ്ങൾ ഏതു സമയത്തും പരിശോധിക്കാവുന്ന സംവിധാനമാണുള്ളത്. കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ട് ഹാജരാകാതെ ഓൺലൈനായി കേസ് നടത്താം. വേണമെങ്കിൽ നേരിട്ടും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡിലാണ് കോടതി പ്രവർത്തിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച കോടതി കൊല്ലത്ത് സ്ഥാപിച്ച സുപ്രീം കോടതിക്കും കേരള ഹൈക്കോടതിക്കും, സർക്കാരിനും കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികൾ നന്ദി പ്രകാശിപ്പിച്ചു.