കൊട്ടിയം: കൂട്ടുകാരിക്കൊപ്പം റെയിൽവെ ലൈൻ മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാത്ഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാത്ഥിനിയെ റെയിൽ പ്ലാറ്റ് ഫോമിൽ നിൽക്കുകയായിരുന്ന പ്ലസ്ടു വിദ്യാർത്ഥി സാഹസികമായി രക്ഷപെടുത്തി. ട്രെയിൻ തട്ടിയ വിദ്യാത്ഥിയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. മയ്യനാട് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ചാത്തന്നൂർ കോയിപ്പാട് സ്കൂളിന് സമീപം പാലവിള വിളയിൽ വീട്ടിൽ അജിയുടെയും ലീജയുടെയും മകൾ ദേവനന്ദ (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി കൊട്ടിയം സ്വദേശി ശ്രേയയാണ് രക്ഷപെട്ടത്. ബുധനാഴ്ച വൈകിട്ട് നാല് ഇരുപത്തിയഞ്ചോടെ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ കൊല്ലം ഭാഗത്ത് രണ്ടാം നമ്പർ പ്ലാറ്റ്ഫോം ആരംഭിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. ദേവനന്ദയും ശ്രേയയും സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനായി ബസ്സിൽ കയറുന്നതിനായി മയ്യനാട് പണയിൽ മുക്കിൽ നിന്നും ഒന്നാം നമ്പർ റെയിൽവെ പ്ലാറ്റ്ഫോമിൽ കൂടി നടന്ന് വന്നു റെയിൽവെ ട്രാക്ക് മുറിച്ചു കടന്ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് അടുത്തേക്ക് പോകുകയായിരുന്നു. ഈ സമയം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കോട്ടയത്തേക്കുള്ള പാസ്സഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ചു കടക്കുമ്പോഴാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് സമീപത്തുള്ള പാളത്തിലൂടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് വരുന്നത്. പാസഞ്ചർ ട്രെയിനിൻ്റെ ശബ്ദം മൂലം നേത്രാവതിയുടെ സൈറൺഇവർ ശ്രദ്ധിച്ചില്ല. ഈ സമയം ഇവർക്കു മുമ്പേ ട്രാക്മു മുറിച്ച് പ്ലാറ്റ്ഫോമിൽ കയറിയ അഞ്ചു പ്ലസ് ടു വിദ്യാർത്തികൾ പോകുന്നുണ്ടായിരുന്നു ട്രെയിൻ വരുന്നു മാറിക്കോ എന്ന് ആരോ ഉച്ചത്തിൽ വിളിച്ചു പറയുന്നതുകേട്ട് സംഘത്തിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാത്ഥി അതിസാഹസികമായി ശ്രേയ എന്ന കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി രക്ഷപ്പെടുത്തി. ശേഷം രണ്ടാമതായി ദേവനന്ദയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ദേവനന്ദയുടെ കൈയ്യിലുണ്ടായിരുന്ന ബാഗിൻ്റെ ഭാരം മൂലം കയറ്റാൻ കഴിയാതെ വന്നതോടെ ദേവനന്ദയെ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഇരവിപുരം പൊലീസും ആർപിഎഫും സ്ഥലത്തെത്തി ദേവനന്ദയുടെ മൃതദേഹം പാരിപ്പള്ളി സർക്കാർമെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് വിദേശത്തായതിനാൽ ദേവനന്ദയും സഹോദരി ദേവപ്രിയയും അമ്മുമ്മയോടൊപ്പമായിരുന്നു താമസം. സംഭവമറിഞ്ഞ് അധ്യാപകരും വിദ്യാത്ഥികളും നാട്ടുകാരുമടക്കം വൻ ജനാവലി റെയിൽവെ പ്ലാറ്റ്ഫോമിൽ എത്തിയിരുന്നു.