യുവാവിന്റെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

Advertisement

കൊല്ലം: യുവാവിനെ തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ പുതുവല്‍ പുരയിടം വീട്ടില്‍ മഹേഷിനെ (32) കൊലപ്പെടുത്തിയ കേസില്‍ മുണ്ടയ്ക്കല്‍ നേതാജി നഗര്‍ 59 ല്‍ പുതുവല്‍ പുരയിടം വീട്ടില്‍ ഷിബു ജോണ്‍സനെ (43) ആണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 5 ജഡ്ജി ബിന്ദുസുധാകരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2021 ഡിസംബര്‍ നാലിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടയ്ക്കല്‍ വെടിക്കുന്ന് കുരിശ്ശടി മുക്കില്‍ വെച്ച് പ്രതിയോട് വീട്ടില്‍ കയറി പോകാന്‍ പറഞ്ഞതില്‍ പ്രകോപിതനായി മഹേഷിന്റെ തലയ്ക്ക് ചുടുകട്ട കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കൊല്ലം ഈസ്റ്റ് പോലീസ്‌സ്റ്റേഷന്‍ സിഐ ആര്‍. രതീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ കമലാസനും സഹായിയായി സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷും ഹാജരായി.

Advertisement