യുവാവിനെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ പൊലീസ് പിടിയിലായി

Advertisement

കൊല്ലം: യുവാവിനെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ പൊലീസ് പിടിയിലായി. ഉളിയക്കോവിൽ വൈദ്യശാല നഗർ 181 പനവിള വടക്കതിൽ രാഹുൽ (28) , കൊല്ലം തോപ്പിൽ പുരയിടത്തിൽ ശരൺ (26), ആശ്രാമം നേതാജി നഗർ 74 ൽ വിജയ് (18), കരുനാഗപ്പള്ളി സ്വദേശി രാഹുൽ കൃഷ്ണൻ (24) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 15ന് രാത്രി 10.45 ഓടെ ആശ്രാമം മൈതാനത്ത് വച്ചാണ് സംഭവം. മീനാട് സ്വദേശി ശ്യാംരാജിനെ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത പ്രതികൾ ഇയാളുടെ കൈവശം ഉണ്ടായിരുന്ന മൂന്നുപവന്റെ മാലയും ഒരുപവന്റെ കൈചെയിനും ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ ഇന്നലെ തമ്പാനൂരിലെ ഹോട്ടൽ റൂമിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ആഭരണങ്ങൾ കണ്ടെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുമേഷ്, സി.പി.ഒ മാരായ ഷഫീക്ക്, അനു.ആർ.നാഥ്, അജയൻ, രമേഷ്, ഷൈജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

Advertisement