ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജഗത്ത് തുളസീധരന്റെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. 20, 21 തീയതികളിലായി നടന്ന പ്രദർശനം കേരള സർവ്വകലാശാല സിന്റിക്കേറ്റ് അംഗവും പ്രിൻസിപ്പലുമായ ഡോ. കെ.സി. പ്രകാശ് ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം പൂർവ്വവിദ്യാർത്ഥി കൂടിയായ ജഗത്തിന്റെ ചിത്രങ്ങൾ ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ സഹപാഠികൾ എടുത്ത് നടക്കുന്ന ജഗത്ത് എടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. വളരെയധികം മാധ്യമ ശ്രദ്ധയും പ്രശംസയും ആ ചിത്രം നേടി. കൃത്രിമത്വങ്ങളില്ലാത്ത ജീവനുള്ള ചിത്രങ്ങൾ ആണ് ഇവ.

കലാലയ ജീവിതത്തിന്റെയും തെരുവിന്റെയും വർണ്ണങ്ങളെ ഈ ഫോട്ടോഗ്രാഫർ സമർത്ഥമായി ആവിഷ്കരിച്ചിരിക്കുന്നു. കാലിക്കറ്റ് സർവ്വകലാശാല, ആരോഗ്യ സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്ന് മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്കാരം ജഗത്തിന് ലഭിച്ചിട്ടുണ്ട്. ഡി.ബി.കോളേജ്, പാലക്കാട്, കോഴിക്കോട്, ബാംഗ്ലൂർ, എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.