പ്രസിഡന്‍സ് ട്രോഫി, വള്ളംകളി ഡിസംബര്‍ 21ന്

Advertisement

പ്രസിഡന്‍സ് ട്രോഫി, ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി വിപുലമായ പരിപാടികളോടെ ഡിസംബര്‍ 21ന് നടത്താന്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ടൂറിസം വികസനത്തിന് ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നായി പ്രസിഡന്‍സ് ട്രോഫി ജലമേള മാറുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കലാ- കായിക രംഗത്തെ പ്രഗത്ഭ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ചര്‍ച്ച നടത്തി. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടകസമിതി രൂപീകരിക്കും. പ്രസിഡന്‍സ് ട്രോഫി പ്രചരണാര്‍ഥം വര്‍ണാഭമായ വിളംബര ജാഥ, ദീപശിഖാ റാലി, പ്രമുഖ വ്യക്തികളെ ആദരിക്കല്‍, സ്മരണിക പ്രകാശനം, എയര്‍ഷോ, വടംവലി മത്സരങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.  

ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് മുഖേനയും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. അടുത്ത യോഗം ഡിസംബര്‍ ആദ്യവാരം ചേരും. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം മുകേഷ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, എ.ഡി.എം നിര്‍മല്‍ കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, ചാമ്പ്യന്‍സ് ട്രോഫി ജലമേള സാങ്കേതിക കമ്മിറ്റിയംഗം ആര്‍.കെ. കുറുപ്പ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Advertisement