കൊട്ടാരക്കരയിൽ വര്‍ക്ക് നിയര്‍ ഹോം പദ്ധതി യാഥാര്‍ഥ്യമാവുന്നു

Advertisement

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ക്ക് നിയര്‍ ഹോം പദ്ധതി യാഥാര്‍ഥ്യമാവുന്നു. വൈജ്ഞാനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയുടെ സംസ്ഥാനതല നിര്‍മാണ ഉദ്ഘാടനം ഇന്ന്  രാവിലെ 10.30ന് കൊട്ടാരക്കരയില്‍ നടക്കും. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, കൊട്ടാരക്കരയില്‍ സ്ഥാപിക്കുന്ന സംസ്ഥാനത്തെ പ്രഥമ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഐ ടി/ഐ ടി അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ജോലി ചെയ്യുന്നതിനാണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. വികേന്ദ്രീകൃത മാതൃകയിലുള്ള അത്യാധുനിക വര്‍ക്ക്‌സ്റ്റേഷനുകളുടെ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന നിലവിലെ സ്ഥാപനങ്ങള്‍ തുടങ്ങിവയ്ക്ക് സൗകര്യപ്രദമായും സുഖകരമായും അവരുടെ പ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ ലഭ്യമാക്കും. ആവശ്യമെങ്കില്‍, തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ക്കനുസൃതമായി നൈപുണ്യ പരിശീലനത്തിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ 10 വര്‍ക്ക് നിയര്‍ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന് കൊട്ടാരക്കരയില്‍ തുടക്കം കുറിക്കും. 2025 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ കേന്ദ്രത്തില്‍ 200 ലധികം പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്നതാണ്.

ഉദ്ഘാടന ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി, ഐ ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. സജീവ് നായര്‍, കെ-ഡിസ്‌ക്ക് മെമ്പര്‍ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here