ഭരണിക്കാവ് ട്രാഫിക്ക് സിഗ്നൽ സംവിധാനത്തിൽ വലഞ്ഞ് സ്വകാര്യ ബസ്സുകൾ, ബസ് ബേയിൽ പാർക്ക് ചെയ്യുന്നത് സ്വകാര്യ വാഹനങ്ങൾ

Advertisement

ശാസ്താംകോട്ട : ഭരണിക്കാവിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച സിഗ്നൽ ലൈറ്റ് സംവിധാനം മൂലം സ്വകാര്യ ബസുകള്‍ ബുദ്ധിമുട്ടുന്നതായി പരാതി.ഭരണിക്കാവ് ജംഗ്ഷനിൽ നാല് റോഡുകളിലും ഒരേ സമയം രണ്ട് ബസ്സുകൾ പാർക്ക് ചെയ്യുന്നതിനാണ് ബസ് ബേ തിരിച്ചിരിക്കുന്നത്. നിശ്ചിത സ്ഥലത്ത് ബസുകൾ നിർത്തിയില്ലെങ്കിൽ പെറ്റി നൽകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ബസ്സ് ബേയിൽ മറ്റു സ്വകാര്യ വാഹനങ്ങൾ പാർക്കിംഗ് തുടരുകയാണ്. ഇത് മൂലം നിശ്ചിത സ്ഥലത്ത് നിർത്താനാകാത്ത അവസ്ഥയിലാണ് സ്വകാര്യ ബസ്സുകൾ. ബസ് ബേയിൽ നിന്ന് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് മാറ്റാതെ സ്വകാര്യ ബസ്സുകൾക്ക് പെറ്റിയടിച്ചു നൽകുകയാണ് അധികാരികൾ ചെയ്യുന്നതെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് കുമ്പളത്ത് രാജേന്ദ്രൻ, സെക്രട്ടറി അഷ്റഫ് സഫ എന്നിവർ പറഞ്ഞു. ഭരണിക്കാവിൽ വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ബസ് സ്റ്റാൻ്റ് നിർമ്മിച്ചിരുന്നു.എന്നാൽ അശാസ്ത്രീയമായ നിർമ്മാണം മൂലം ഇത് ടാറിംഗ് ഭാഗീഗമായി തകർന്ന അവസ്ഥയിലാണ്.ഈ കാരണം കൊണ്ടു തന്നെ കെ.എസ്.ആർ, ടി.സി, സ്വകാര്യ ബസ്സുകൾ എന്നിവ സ്റ്റാൻ്റിനെ കൈയൊഴിഞ്ഞിരുന്നു.പഞ്ചായത്ത് ബസ് സ്റ്റാൻ്റ് പുനർ നിർമ്മിച്ചാൽ ഭരണിക്കാവിലെ ട്രാഫിക്ക് പരിഷ്ക്കാരം പൂർണ്ണമായി നടപ്പാക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

Advertisement