കൊല്ലം: കാന്‍സര്‍ രോഗബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കാന്‍സര്‍ പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിയ്ക്കണമെന്ന് ജീവനം കാന്‍സര്‍ സൊസൈറ്റി ആവശ്യപ്പെട്ടു. വിവിധ ജില്ലകളില്‍ വ്യത്യസ്ഥ രീതിയിലാണ് പെന്‍ഷന്‍ നല്‍കുന്നത്.
ചില താലൂക്കുകളില്‍ കൃത്യമായി നല്‍കുമ്പോള്‍ ചിലയിടങ്ങളില്‍ കുടിശിക വരുത്തിയിട്ടുണ്ട്. കാന്‍സര്‍ ചികിത്സ വളരെയേറെ ചെലവേറിയ കാലഘട്ടത്തില്‍ പെന്‍ഷനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരുണ്ട്.
പെന്‍ഷന്‍ വിതരണത്തില്‍ ഉണ്ടാകുന്ന അപാകതകള്‍ മൂലം പലര്‍ക്കും ആശുപത്രിയില്‍ പരിശോധനയ്ക്കു പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. പെന്‍ഷന്‍ വിതരണത്തില്‍ ഏകീകൃത സ്വഭാവം ഉണ്ടാക്കി എല്ലാവര്‍ക്കും കൃത്യമായി പെന്‍ഷന്‍ ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണം.
കിടപ്പു രോഗികള്‍ക്ക് പെന്‍ഷന്‍ വര്‍ഷന്തോറും പുതുക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നിരവധി പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ല.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പുതുക്കുന്നതിന് കിടപ്പു രോഗികള്‍ക്ക് ഏര്‍പ്പെടുത്തിയ രീതിയിലുള്ള സംവിധാനങ്ങള്‍ കാന്‍സര്‍ രോഗികള്‍ക്കും ഏര്‍പ്പെടുത്തണമെന്ന് ജീവനം ജനറല്‍ സെക്രട്ടറി ബിജു തുണ്ടില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.