കുളത്തൂപ്പുഴ-അമ്പലക്കടവ് പാലം പുതുക്കിയ ടെന്‍ഡറിന് മന്ത്രിസഭ അംഗീകാരം

Advertisement

കുളത്തൂപ്പുഴ: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളത്തൂപ്പുഴ ശ്രീശാസ്താ അമ്പലകടവ് പാലം നിര്‍മാണത്തിന്റെ പുതുക്കിയ ടെന്‍ഡറിന് മന്ത്രിസഭ അംഗീകാരം. പാലത്തിന് 10.41 കോടി രൂപയുടെ തത്വത്തിലുള്ള ഭരണാനുമതിയും കിഫ്ബിയില്‍ നിന്ന് 11.22 കോടി രൂപയുടെ സാമ്പത്തികാനുമതിയും ലഭിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്തിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്ന ഊരാണ് അമ്പതേക്കര്‍. നാലു ഭാഗവും പൂര്‍ണമായും വനത്താല്‍ ചുറ്റപ്പെട്ട കുളമ്പി, രണ്ടാം മൈല്‍ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന ഇവിടെ, വസിക്കുന്ന ആളുകള്‍ തൊട്ടടുത്ത പട്ടണമായ കുളത്തൂപ്പുഴയെ ആശ്രയിക്കുന്നത് ഈ പാലത്തിലൂടെയാണ്. ഇവിടുത്തെ കുട്ടികള്‍ പഠിക്കുവാനും, ആളുകള്‍ പുറത്ത് ജോലിക്കായും പോകുന്നത് ഈ പാലത്തിലൂടെയാണ്.
കുളത്തൂപ്പുഴ അമ്പലത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന അമ്പലക്കടവ്പാലം വിഷു, ശബരിമല സീസണ്‍ സമയങ്ങളില്‍ ഏകദേശം നാല് മാസത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത വിധം ഭക്തജനത്തിരക്കുകളും യാത്ര തിരക്കുകളും ഉള്ളതാണ്. കൂടാതെ മഴക്കാല മാകുമ്പോള്‍ പാലം നിറഞ്ഞൊഴുകുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ പുതുക്കിയ ഡിസൈന്‍ അനുസരിച്ചുള്ള പ്രവൃത്തി അടുത്തുവരുന്ന വര്‍ക്കിംഗ് സീസണില്‍ ആരംഭിക്കുമെന്ന് പി.എസ്. സുപാല്‍ എംഎല്‍എ അറിയിച്ചു.

Advertisement