ചാത്തന്നൂരിലെ ഗ്രാമവണ്ടി നിര്‍ത്തലാക്കി

Advertisement

ചാത്തന്നൂര്‍: ചാത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഗ്രാമവണ്ടി നിര്‍ത്തലാക്കി പഞ്ചായത്ത് ഭരണസമിതി. ജില്ലയില്‍ ആദ്യം ആരംഭിച്ച ഗ്രാമ വണ്ടിയാണ് സര്‍വീസ് അവസാനിപ്പിച്ചത്. ഒരു വര്‍ഷത്തേക്കുള്ള പതിനഞ്ചു ലക്ഷം രൂപ മുന്‍കൂറായി അടച്ച ഗ്രാമവണ്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് നിര്‍ത്തിച്ചിരിക്കുന്നത്.
ഗ്രാമവണ്ടിയുടെ സര്‍വീസ് നിലച്ചത് ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു തിരിച്ചടിയായി മാറി. യാത്രാ സൗകര്യം ഇല്ലാത്ത ഉള്‍ പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന രീതിയിയിലാണ് സര്‍വീസ് ഓപ്പറേറ്റ് ചെയ്തിരുന്നത്. ജില്ലയ്ക്കാകെ തന്നെ മാതൃകയായ ഗ്രാമവണ്ടി ആരംഭിക്കുന്നത് ഒരു വര്‍ഷം മുന്‍പ് മുന്‍ പഞ്ചായത്ത് ഭരണസമിതിയാണ്. 2023- 24 വാര്‍ഷിക പദ്ധതിയില്‍ 15 ലക്ഷം രൂപ ഇതിനായി വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള ഗ്രാമ വണ്ടി അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഉദ്ഘാടനം ചെയ്തത്.
പഞ്ചായത്ത് നിര്‍ദേശിച്ച റൂട്ടിലൂടെ നിര്‍ദേശിച്ച സമയത്താണ് സര്‍വീസ് നടത്തിയിരുന്നത്. രാവിലെ 5.45ന് ചാത്തന്നൂര്‍ ഡിപ്പോയില്‍ നിന്നും ആരംഭിച്ച് വൈകിട്ട് 7.15ന് സമാപിക്കുന്ന ഗ്രാമവണ്ടി ചാത്തന്നൂരിന്റെ ഉള്‍പ്രദേശങ്ങളിലൂടെ സ്‌കൂള്‍-ഓഫീസ് സമയം കണക്കിലെടു ത്ത് പത്തോളം ട്രിപ്പുകള്‍ ആണ് നടത്തിയിരു
ന്നത്.
ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് മിക്ക സ്വകാര്യ ബസുകളും ചാത്തന്നൂര്‍ ജങ്ഷനില്‍ എത്താത്തതിനാല്‍ ഗ്രാമവണ്ടി യാത്രക്കാര്‍ക്ക് സഹായകമായിരുന്നു. ഗ്രാമ വണ്ടിയുടെ ഡീസലിനുള്ള തുകയാണ് പഞ്ചായത്ത് അടച്ചിരുന്നത്. ജീവനക്കാരുടെ ശമ്പളം, ബസിന്റെ അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകള്‍ കെഎസ്ആര്‍ടിസിയാണ് വഹിക്കുന്നത്. ടിക്കറ്റ് വഴി ലഭിക്കുന്ന തുക കെഎസ്ആര്‍ടിസിക്കാണ്. അടിയന്തിരമായി ബസ് പുനരാംരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Advertisement