ഭരണിക്കാവിൽ ബസ് ബേ പുന:ക്രമീകരിച്ചതോടെ ക്ഷേത്രത്തിലേക്കും വീടുകളിലേക്കുമുള്ള വഴി തടസപ്പെടുന്നതായി പരാതി

Advertisement

ശാസ്താംകോട്ട.ഭരണിക്കാവ് ജംങ്ഷനിൽ ഗതാഗത പരിഷ്ക്കരണങ്ങളുടെ ഭാഗമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതോടെയാണ് ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ബസ് ബേകൾ പുന:ക്രമീകരിച്ചത്. എന്നാൽ ശാസ്താംകോട്ട റോഡിലെ ബസ് ബേകൾ പുന: ക്രമീകരിച്ചത് കാരണം ഭരണിക്കാവ് ദേവീ ക്ഷേത്രത്തിലേക്കും സമീപത്തെ പത്തോളം വീടുകളിലേക്കുമുള്ള വഴി തടസപ്പെടുന്നതായാണ് പരാതി. ഇത് പലപ്പോഴും പ്രദേശ വാസികളും ബസ് ജീവനക്കാരുമായുള്ള തർക്കത്തിനും കാരണമാകുന്നുണ്ട്.

ഒരേ സമയം മൂന്ന് ബസുകൾ നിർത്തുന്നതിനായി അധികൃതർ
മൂന്ന് ബസ് ബേകൾ റോഡിൽ മാർക്ക് ചെയ്ത് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ബസുകൾ മാർക്ക് ചെയ്ത ഭാഗങ്ങളിൽ അല്ലാതെ തോന്നും പോലെ നിർത്തിയിടുന്നതിനാലാണ് വഴി തടസപ്പെടുന്നത്. ക്ഷേത്ര മൈതാനത്തിലൂടെയുള്ള വഴിയിലൂടെയാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തരും സമീപത്തെ പത്തോളം കുടുംബങ്ങളിലുള്ളവരും യാത്ര ചെയ്യുന്നത്. വഴി മുടക്കി ബസുകൾ മിനിറ്റുകളോളം നിർത്തിയിടുന്നതിനാൽ അത്യാഹിതത്തിൽപ്പെട്ടാൽ പോലും റോഡിലേക്ക് ഇറങ്ങാൻ കഴിയില്ല. അടിയന്തരമായി അധികൃതർ നടപടിയെടുക്കണമെന്നും ക്ഷേത്രത്തിലേക്കുള്ള വഴിയിൽ താൽക്കാലിക ട്രാഫിക് ഡിവൈഡറുകൾ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഭരണിക്കാവ് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Advertisement