ശാസ്താംകോട്ട:പ്രതിഷേധങ്ങൾക്കും പരാതികൾക്കും വിരാമം കുറിച്ച് ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ അടച്ചു പൂട്ടിയ എക്സ് റേ യൂണിറ്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചു.രണ്ട് വർഷം മുമ്പ് മാതൃ .ശിശു ബ്ലോക്കിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എക്സ് റേ യൂണിറ്റ് അടക്കം പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കിയിരുന്നു.എന്നാൽ പകരം സംവിധാനമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല.ഇതിനാൽ പുറത്തെ സ്ഥാപനങ്ങളെയാണ് രോഗികൾ ആശ്രയിച്ചിരുന്നത്.ഇത്തരം സ്ഥാപനങ്ങൾ വലിയ നിരക്കാണ് രോഗികളിൽ നിന്നും ഈടാക്കുന്നതെന്ന ആക്ഷേപവും ഉയർന്നിരുന്നു.അപകടത്തിൽപ്പെട്ട് എത്തുന്ന രോഗികളെയും കൊണ്ട്
കൂടെയെത്തുന്നവർ എക്സ് റേ എടുക്കാൻ സ്ട്രച്ചറിൽ കിടത്തി പൊരിവെയിലത്ത് പുറത്തേക്ക് കൊണ്ടു പോകുന്നത് ദയനീയ കാഴ്ചയായിരുന്നു.ഈ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് വിവിധ നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി എക്സ് റേ യൂണിറ്റിൻ്റെ പ്രവർത്തനം തുടങ്ങിയത്.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ പിള്ള അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് പുഷ്പകുമാരി,സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ രതീഷ്,ഷീജ, അംഗങ്ങളായ തുണ്ടിൽ നൗഷാദ്,വൈ.ഷാജഹാൻ,ലതാ രവി,പഞ്ചായത്ത് പ്രസിഡൻ്റ് ഗീത,പഞ്ചായത്ത് അംഗങ്ങളായ രജനി,നസീമ ബീവി, എച്ച്.എം.സി അംഗങ്ങളായ സോമൻ പിള്ള,മുഹമ്മദ് ഖുറേഷി എന്നിവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ സനൽ കുമാർ സ്വാഗതവും സൂപ്രണ്ട് ഡോ.ഷഹന കെ.മുഹമ്മദ് നന്ദിയും പറഞ്ഞു