കൊല്ലം. ഏത് അടിയന്തര ഘട്ടത്തിലും വാഹനങ്ങൾ തിരിച്ചുവിടാവുന്ന ഒരു പാത, ദേശീയപാതയ്‌ക്കും എംസി റോഡിനും മധ്യേ എളുപ്പം യാത്ര ചെയ്യാവുന്ന ഒരു പാത, ഇതുപക്ഷേ അധികൃതരുടെ ഭാവനയില്ലായ്മ മൂലം വികസിക്കാതെ പോവുകയാണ്. ഇത് പുതുതായി നിര്‍മ്മിക്കേണ്ട ഒരു പാതയല്ല. നല്ല നിലയില്‍ നിലവിലുള്ള പാതയാണ്, അവിടവിടെ അല്‍പം മിനുക്കുപണി നടത്തിയാല്‍ സ്വപ്ന തുല്യമായ വികസനമാണ് കൊല്ലം പത്തനം തിട്ട ജില്ലകളുടെ അവികസിത മേഖലകള്‍ക്ക് ലഭിക്കുക
ദേശീയപാത 66, എംസി റോഡ്, കെപി റോഡ് എന്നിവയെ ബന്ധിപ്പിച്ച് കൊട്ടിയം–-പന്തളം സംസ്ഥാന പാതക്ക് രൂപംനൽകണമെന്ന ആവശ്യം ശക്‌തം. ദേശീയപാത 66ൽ കൊട്ടിയത്ത് നിന്നാരംഭിച്ച് കണ്ണനല്ലൂർ, കുണ്ടറ, ചിറ്റുമല, കിഴക്കേകല്ലട, ചീക്കൽകടവ്, നെടിയവിള, ഏഴാംമൈൽ, ഇടയ്‌ക്കാട്, തെങ്ങമം, പള്ളിക്കൽ വഴി കെപി റോഡിൽ പഴകുളത്ത് എത്തിച്ചേർന്ന് കുരുമ്പാലയിലൂടെ എംസി റോഡിൽ പന്തളത്ത് സമാപിക്കുന്നതാണ് നിർദിഷ്‌ട പാത.
കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പാത ഏത് അടിയന്തര ഘട്ടത്തിലും എംസി റോഡിനും ദേശീയപാതയ്‌ക്കും സമാന്തരമായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. കോട്ടയത്തിനും തിരികെ തിരുവനന്തപുരത്തിനും എളുപ്പം യാത്രചെയ്യാനും പ്രയോജനപ്പെടും. കുണ്ടറയിൽ കൊല്ലം–-കൊട്ടാരക്കര–-ചെങ്കോട്ട ദേശീയപാതയിലൂടെയും ഏഴാംമൈലിൽ നിർദിഷ്‌ട ഭരണിക്കാവ്–-വണ്ടിപ്പെരിയാർ ദേശീയപാതയിലൂടെയുമാണ് പാത കടന്നുപോകുന്നത്. ഏഴാംമൈലിൽ നിന്നും ഭരണിക്കാവ്, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കും അടൂർ, പത്തനംതിട്ട, ശബരിമല ഭാഗത്തേക്കും പോകാവുന്നതാണ്. പഴകളുത്ത് എത്തിയാൽ കറ്റാനം, നൂറനാട്, കായംകുളം ഭാഗത്തേക്കും അടൂർ ഭാഗത്തേക്കും പോകാം. പന്തളത്ത് എംസി റോഡിൽ എത്തുന്നതോടെ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തൊടുപുഴ ഭാഗത്തേക്കും കിലോമീറ്ററുകൾ ലാഭിച്ച് സുഗമമായി യാത്രചെയ്യാം. ഇവിടെ നിന്നും റാന്നി, അടൂർ റൂട്ടിലേക്കും എളുപ്പം പോകാം. പന്തളത്തു എത്തിയാൽ എം സി റോഡ് വഴി പെരുമ്പാവൂർ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളിലേക്കും എളുപ്പം യാത്രചെയ്യാം. നിർദിഷ്‌ട സംസ്ഥാന പാത യാഥാർഥ്യമായാൽ നിരവധി ഗ്രാമപ്രദേശങ്ങളുടെ പുരോഗതിക്കും കൂടുതൽ ഗതാഗത സൗകര്യം കൈവരിക്കുന്നതിനും സഹായിക്കും. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തിരുവനന്തപുരം, കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എളുപ്പം എത്തിച്ചേരുന്നതിനും പുതിയ പാത ഉപകരിക്കും. ട്രെയിൻ സൗകര്യം ഇല്ലാത്ത പന്തളം, പഴകുളം, പള്ളിക്കൽ, തെങ്ങമം, തെങ്ങമം, ഇടയ്‌ക്കാട് പ്രദേശവാസികൾക്ക് സ്ഥലത്താനത്ത് കിലോമീറ്ററുകൾ ലാഭിച്ച് എത്തിച്ചേരുന്നതിനും ഈ പാത സഹായിക്കും. പന്തളം മുൻസിപ്പാലിറ്റി, പഴകുളം, പള്ളിക്കൽ, പോരുവഴി, കുന്നത്തൂർ, കിഴക്കേകല്ലട, കുണ്ടറ, ഇളംമ്പള്ളൂർ, തൃക്കോവിൽവട്ടം, മയ്യനാട് എന്നീ പഞ്ചായത്തുകളിലൂടെയുമാണ് പാത കടന്നുപോകുന്നത്. നിർദിഷ്‌ട സംസ്ഥാന പാതയ്‌ക്കായി ശ്രമിക്കുമെന്നും ഇക്കാര്യം സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുമെന്നും വിവിധ എംഎൽഎമാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പറഞ്ഞു.
നഗര ഗ്രാമ പ്രദേശങ്ങളെയും ദേശീയപാത 66നെയും എംസി റോഡിനെയും ബന്ധിപ്പിച്ച് കൊട്ടിയം–-പന്തളം സംസ്ഥാന പാത വേണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടുവെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. വലിയ വികസനത്തിന് വഴി തെളിക്കുന്നതാണിത്. സംസ്ഥാന പാതയ്‌ക്ക് ഭരണാനുമതി നേടിയെടുക്കാനും ബജറ്റിൽ ഫണ്ട് വകയിരുത്താനും സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ഏത് അടിന്തര ഘട്ടത്തിലും വാഹനങ്ങൾ തിരിച്ചുവിടാവുന്ന പാത കൂടിയാണിത് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.
ദേശീയപാത 66, എംസി റോഡ്, കെപി റോഡ് എന്നിവയെ ബന്ധിപ്പിച്ച് കൊട്ടിയം–-പന്തളം സംസ്ഥാന പാത എന്നാവശ്യം ഭാവി വികസനത്തിന് ഉപകരിക്കുന്നതാണ് എന്ന് ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു . കൂടാതെ ഇന്ന് പ്രധാനപ്പെട്ട റോഡുകളിലൂടെ എത്തിച്ചേരുന്ന പല കേന്ദ്രങ്ങളിലേക്കും എളുപ്പം പോകാനും സഹായമാവും. ഈ ആവശ്യം അടുത്തിടെ ശക്തമായിരിക്കയാണ്. ഇത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. തിരുവനന്തപുരത്തേക്ക് എംസി റോഡിലെ തിരക്കിൽപ്പെടാതെ പോകാവുന്ന പാതയായി ഇതുമാറും.