സിപിഎം തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി ,കല്ലേലിഭാഗവും തൊടിയൂരുംപിടിച്ച് ഔദ്യോഗികപക്ഷം

Advertisement

കരുനാഗപ്പള്ളി. മാറ്റിവച്ച ശേഷം നടത്തിയ സിപിഎം തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി.
ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ഉണ്ടായത്.ബാർ മുതലാളിയെയും , കുബേര കേസിലെ പ്രതിയെയും നേതൃത്വം പാനലിൽ ഉൾപെടുത്തി അവതരിപ്പിച്ചു എന്നാരോപിച്ചാണ് പ്രതിനിധികളില്‍ ചിലര്‍ പ്രശ്നമുണ്ടാക്കിയത്.

നേരത്തെ മത്സരം ഉണ്ടായ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ 7 ലോക്കൽ സമ്മേളനങ്ങളാണ് നിർത്തി വെച്ചത്.നേതൃത്വം ഇടപെട്ട് സമവായ ചർച്ച നടത്തിയ ശേഷം തുടങ്ങിയ തൊടിയൂർ ലോക്കൽ സമ്മേളനത്തിലാണ് കയ്യാങ്കളി ഉണ്ടായത്.
നേതൃത്വം അവതരിപ്പിച്ച പാനലിനെതിരെ മത്സരിക്കാൻ പ്രവർത്തകർ എഴുന്നേറ്റതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഔദ്യോഗിക പക്ഷം അവതരിപ്പിച്ച പാനൽ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ
മത്സരിക്കുന്നവർക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് നേതൃത്വം നിലപാട് എടുത്തു. ഇതോടെയാണ് കയ്യാങ്കളി ഉണ്ടായത്.ബാർ മുതലാളിയെയും , കുബേര കേസിലെ പ്രതിയെയും നേതൃത്വം പാനലിൽ ഉൾപെടുത്തി എന്നാണ് ആരോപണം. സംസ്ഥാന നേതാക്കളായ സോമപ്രസാദും സൂസൻ കോടിയും പങ്കെടുത്ത യോഗത്തിലാണ് നേതൃത്വത്തിന് എതിരെ പ്രതിനിധികള്‍ രംഗത്ത് വന്നത്.

തൊടിയൂരിൽ കയ്യാങ്കളി ഉണ്ടായെങ്കിലും തൊടിയൂരും തുടര്‍ന്നു നടന്ന കല്ലേലിഭാഗത്തും സമ്മേളനം പൂർത്തിയാക്കി.രണ്ട് ലോക്കൽ കമ്മിറ്റികളും പി.ആർ വസന്തൻ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിനാണ്. തൊടിയൂരിൽ നേരത്തെ അവതരിപ്പിച്ച പാനൽ തന്നെയാണ് വീണ്ടും അവതരിപ്പിക്കപ്പെട്ടത്. ഇതിനെതിരെ മത്സരരംഗത്തുള്ളവർ നിലകൊണ്ടു.എന്നാൽ മത്സരം ഒഴിവാക്കണം എന്ന ജില്ലാ കമ്മിറ്റി തീരുമാനത്തോട് യോജിക്കുന്നവർ കൈയുയർത്തി അഭിപ്രായം രേഖപ്പെടുത്തണമെന്ന് നേതൃത്വം ആവിശ്യപ്പെട്ടതോടെ 85 അംഗ പ്രതിനിധികളിൽ 52 പേർ കൈ ഉയർത്തി നിർദ്ദേശത്തെ അനുകൂലിച്ചതോടെ മത്സരമില്ലാതെ പാനൽ അംഗീകരിക്കുകയായിരുന്നു. അംഗീകരിച്ചതിനാൽ മത്സരം അനുവദിക്കാൻ ആവില്ല എന്ന നിലപാട് നേതൃത്വം സ്വീകരിച്ചതോടെ ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ഏരിയാ സമ്മേളന പ്രതിനിധികളെയും അംഗീകരിച്ച് സമ്മേളനം പിരിയുകയായിരുന്നു. ഇതിനിടെ മത്സരം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സുനിൽകുമാർ എന്ന പ്രതിനിധി മിനിട്ട്സ് ബുക്ക് തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ചത് ഒച്ചപ്പാടുണ്ടാക്കി. തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ചേർന്ന് ആർ രഞ്ജിത്തിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഉച്ചയ്ക്കുശേഷം ചേർന്ന കല്ലേലിഭാഗം സമ്മേളനത്തിൽ നേരത്തെ അവതരിപ്പിച്ച 15 അംഗ ലോക്കൽ കമ്മിറ്റിയുടെ എണ്ണം 17 ആയി വർദ്ധിപ്പിക്കുന്നതിന് നേതൃത്വം അനുവാദം നൽകി. ഒഴിവ് വന്ന രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഒഴിച്ച് ഇടാനും മറ്റൊരു സ്ഥാനത്തേക്ക് മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി കലയെ ഉൾപ്പെടുത്താനും തീരുമാനിച്ചു.ഇതിനെതിരെയും മത്സരമുണ്ടായെങ്കിലും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഇവരെ ശക്തമായ ഭാഷയിൽ നേരിടുകയായിരുന്നു.തുടർന്ന് മുൻപ് സസ്പെൻറ് ചെയ്ത സമ്മേളനം തെരഞ്ഞെടുത്ത ആർ സോമരാജൻപിള്ളയെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.രണ്ടിടത്തും ഏരിയാ സമ്മേളന പ്രതിനിധികളിൽ വസന്തൻ പക്ഷത്തിന് മൃഗീയമായ ഭൂരിപക്ഷമാണ്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കുലശേഖരപുരം നോർത്ത്, കുലശേഖരപുരം സൗത്ത്, ആലപ്പാട് നോർത്ത്, ക്ലാപ്പന വെസ്റ്റ് സമ്മേളനങ്ങൾ കൂടി സമവായത്തിൽ പൂർത്തീകരിക്കാൻ ഉള്ള ശ്രമത്തിലാണ് നേതൃത്വം. തുടർന്ന് കരുനാഗപ്പള്ളി ടൗൺ സമ്മേളനം ഡിസംബർ ഒന്നിന് നടക്കും.