63-മത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം കൊട്ടാരക്കരയില്‍ ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും വേദികളായി കലോത്സവങ്ങള്‍ മാറണമെന്ന് മന്ത്രി പറഞ്ഞു. കലാ- കായിക- ശാസ്ത്രമേളകള്‍ എല്ലാം ഉള്‍പ്പെട്ടതാണ് കുട്ടികളുടെ പഠനം. ഇത്തരം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. 14 വേദികളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. കലോത്സവം പരാതിരഹിതമായും സമയബന്ധിതമായും ഏകോപിപ്പിച്ചും കൂട്ടായ ഉത്തരവാദിത്വത്തോട് കൂടി വിജയകരമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന ചടങ്ങില്‍ മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, ജില്ലാ പോലീസ് മേധാവി കൊല്ലം റൂറല്‍ കെ.എം. സാബു മാത്യു എന്നിവര്‍ മുഖ്യാതിഥികളായി. കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ്. ആര്‍. രമേശ്, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വനജാ രാജീവ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണമേനോന്‍, വികസനകാര്യ ചെയര്‍മാന്‍ ഫൈസല്‍ ബഷീര്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ എ. മിനികുമാരി, പൊതുമരാമത്ത് ചെയര്‍പേഴ്സണ്‍ ജി സുഷമ, വിവിധ നഗരസഭ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, വിവിധ സംഘാടനാപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.