ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍

Advertisement

ചവറ: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പോലീസിന്റെ പിടിയിലായി. ചവറ വട്ടത്തറ കൊല്ലന്റയ്യത്ത് വീട്ടില്‍ സജികുമാറിന്റെ ഭാര്യ ശില്‍പ (30) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം പാങ്ങോട് മിലട്ടറി ക്യാമ്പില്‍ താല്ക്കാലിക ഒഴിവിലേക്ക് ആള്‍ക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ഡ്രൈവര്‍, ഫാര്‍മസിസ്റ്റ്, ടീച്ചര്‍ എന്നീ തസ്തികയില്‍ നിയമനം നല്‍കാമെന്നും 45000 രൂപ ശമ്പളം ലഭിക്കുമെന്നും പറഞ്ഞ് 50000, 60000 രൂപയാണ് ഇവര്‍ വാങ്ങിയത്. കൊല്ലം, കരുനാഗപ്പള്ളി, ചവറ, തേവലക്കര എന്നിവിടങ്ങളിലുള്ള 26 പേരില്‍ നിന്നാണ് ഇവര്‍ പണം വാങ്ങിയത്. പള്ളിപ്പുറം പാങ്ങോട് പോലീസ് ക്യാമ്പ് എന്ന പേരില്‍ വ്യാജ സീല്‍ പതിച്ച് ഐടിബിപി എന്ന പേരില്‍ അച്ചടിച്ച നോട്ടീസ് ലഭിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്.

തേവലക്കര കോയിവിള കോട്ടയ്ക്കകത്ത് കിഴക്കതില്‍ റജനുദ്ദീന്‍ നല്‍കിയ പരാതിയിലാണ്  പ്രതിയെ ചവറ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സജികുമാറിന് തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിലാണ് ജോലി. ക്വോര്‍ട്ടേഴ്‌സിലാണ് ഇരുവരും താമസിക്കുന്നത്. ഇവിടെ നിന്ന് കൊണ്ടുതന്നെ കബളിപ്പിക്കപ്പെട്ട 4 പേര്‍ക്ക് തപാലില്‍ നോട്ടീസ് അയച്ചിരുന്നു. ബാക്കിയുള്ളവര്‍ക്ക് നേരിട്ടാണ്  നോട്ടീസ് കൈമാറിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജു, എസ്‌ഐമാരായ എം. അനീഷ് കുമാര്‍, ബി. ഓമനക്കുട്ടന്‍, എസ്‌സിപിഒ ശങ്കര്‍, ഹരിലാല്‍, പൂജ തുടങ്ങിയവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.      

Advertisement