കരുനാഗപ്പള്ളി സിപിഎംലെ പരസ്യപ്പോര്
ലക്ഷ്യം ഏരിയാ കമ്മിറ്റി പിടിച്ചെടുക്കൽ

Advertisement

കരുനാഗപ്പള്ളി. കരുനാഗപ്പള്ളിയിലെ സിപിഎം ലോക്കൽ സമ്മേളനങ്ങളിലുണ്ടായ സംഘർഷങ്ങൾ പാർടി ഓഫീസ് മാർച്ച് വരെയുള്ള പരസ്യപ്രതിഷേധത്തിൽ എത്തിയത് പാർടി കേന്ദ്രങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.കൈവിട്ട കളിയിൽ  അണികളിലും പ്രതിഷേധം പടരുന്നു.ഏരിയാ സമ്മേളനം പൊട്ടിത്തെറിയിൽ കലാശിക്കുന്നത് തടയാനും പാർടിയെ പരസ്യമായി വെല്ലുവിളിച്ചവരെ കൈകാര്യം ചെയ്യാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചുവെന്നാണ് സൂചന.ശനിയാഴ്ച രാവിലെ ചേരാനിരുന്ന ജില്ലാ കമ്മിറ്റി റദ്ദാക്കി.പകരം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത് ജില്ലാ സെക്രട്ടേറിയേറ്റ് കൂടും.തുടർന്ന് നടക്കുന്ന ജില്ലാ കമ്മിറ്റിയിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യും.സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ കരുനാഗപ്പള്ളിയിൽ ഉടലെടുത്ത അസാധാരണ വിഭാഗീയതയ്ക്ക് പിന്നിൽ ഏരിയാ കമ്മിറ്റിയുടെ കടിഞ്ഞാൺ പിടിക്കുക എന്നതാണെന്ന് സംസ്ഥാന നേതൃത്വത്തിന് വ്യക്തമായിട്ടുണ്ട്.
നിലവിലെ ഏരിയാ കമ്മിറ്റിയിൽ വസന്തൻ വിഭാഗത്തിൻെറ ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമാണ്.എങ്കിലും നിലവിൽ ഏരിയാ സെക്രട്ടറി സ്ഥാനത്ത് സൂസൻകോടി വിഭാഗത്തിന് കൂടി സമ്മതനായ പി.കെ.ജയപ്രകാശുണ്ട്. പൂർത്തിയായ ലോക്കൽ സമ്മേളനങ്ങളിൽ തൊടിയൂർ, കല്ലേലിഭാഗം, കുലശേഖരപുരം സൗത്ത്,ക്ളാപ്പന,ആലപ്പാട് നോർത്ത് എന്നിവിടങ്ങളിൽ ഔദ്യോഗിക പക്ഷം വ്യക്തമായ മുൻതൂക്കം നേടി.ഏരിയാ സമ്മേളനപ്രതിനിധികളുടെ എണ്ണത്തിലും അവർക്ക് തന്നെയാണ് മേൽക്കൈ. ഇവിടങ്ങളിൽ മൽസരം നടത്താനുള്ള വിമതപക്ഷ നീക്കം ജില്ലാ നേതൃത്വം അനുവദിച്ചില്ല.അതിലുള്ള അമർഷമാണ് ഒടുവിൽ നടന്ന കുലശേഖരപുരം നോർത്ത് സമ്മേളനത്തിൽ നേതാക്കളെ വിമതപക്ഷം ബന്ദിയാക്കുന്നതിലെത്തിച്ചത്.
എന്നാൽ വിമതപക്ഷത്തിൻെറ കയ്യിലുള്ള കരുനാഗപ്പള്ളി വെസ്റ്റ്,ആലപ്പാട് സൗത്ത് ലോക്കൽ സമ്മേളനങ്ങളിൽ കാര്യമായ എതിർപ്പിന് ഔദ്യോഗിക പക്ഷം തുനിഞ്ഞുമില്ല. അവിടങ്ങളിൽ സമവായത്തിന് അവർ വഴങ്ങി.എന്നാൽ വിമതർക്ക് ഭൂരിപക്ഷമില്ലാത്തിടത്ത് ജില്ലാ നേതൃത്വത്തിൻെറ അനുനയത്തിന് വിമതപക്ഷം വഴങ്ങാത്തതിന് പിന്നിൽ പ്രശ്നങ്ങളുണ്ടാക്കി ഏരിയാ കമ്മിറ്റിയെ പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കലാണ് ലക്ഷ്യമെന്നാണ് ഔദ്യോഗിക പക്ഷത്തിൻെറ ആരോപണം.ഏറ്റവുമൊടുവിലെ പാർടി ഓഫീസ് മാർച്ചിന് പിന്നിലും ഈ ലക്ഷ്യമാണെന്ന് അവർ കരുതുന്നു. എന്നാൽ പതിറ്റാണ്ടുകളായി ഔദ്യോഗിക പക്ഷം കൈവശം വച്ചിരിക്കുന്ന ഏരിയാകമ്മിറ്റി അഴിമതിക്കാരായി മാറിയെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്.പാർടി നിയന്ത്രണത്തിലുള്ള സ്കൂളുകളും സഹകരണ സംഘങ്ങളും കേന്ദ്രീകരിച്ച് കോടികളുടെ വെട്ടിപ്പും സ്വജനപക്ഷപാതവും നടത്തുകയാണ്. ഇതിനെതിരായി വർഷങ്ങളായി നടത്തുന്ന പോരാട്ടം സഹികെട്ടാണ് തെരുവിലേക്കെത്തിയതെന്നാണ് അവരുടെ വാദം.ഔദ്യോഗികപക്ഷത്തെ ചെയ്തികളുടെ വിവരങ്ങൾ നേതാക്കളുടെ പേര് സഹിതമാണ് പരസ്യപ്രകടനത്തിലെ പ്ളക്കാർഡുകളിൽ എഴുതി കണ്ടത്.രണ്ടും കൽപ്പിച്ചുള്ള ഇരുപക്ഷത്തിൻേറയും തുറന്ന പോരാട്ടം ഡിസംബർ ആദ്യവാരം നടക്കുന്ന ഏരിയാ സമ്മേളനത്തിൽ കൊട്ടിക്കലാശിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് നാളത്തെ ജില്ലാ സെക്രട്ടറിയേറ്റ് വടിയെടുത്തേക്കും. അങ്ങനെയെങ്കിൽ ഡിസംബർ ഒന്നിന് നടക്കുന്ന കരുനാഗപ്പള്ളി ടൗൺ ലോക്കൽ സമ്മേളനവും തുടർന്നുള്ള ഏരിയാ സമ്മേളനവും അനുരഞ്ജനത്തിലെത്തിൽ കലാശിക്കും.അതുകൊണ്ട് തന്നെ ഇരുപക്ഷവും അണികളും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലെ സെക്രട്ടേറിയേറ്റ് തീരുമാനങ്ങൾക്കാണ്.

Advertisement