അങ്ങനെ ബാലാരിഷ്ടതയെല്ലാം മാറി ആ മദ്യപാനകാലം തിരിച്ചുവന്നിരിക്കുന്നു,സന്തോഷിച്ചാട്ടെ

Advertisement

കോട്ടേക്കാരന്‍.

ശാസ്താംകോട്ട. അങ്ങനെ ബാലാരിഷ്ടതയെല്ലാം മാറി ആ മദ്യപാനകാലം തിരിച്ചുവന്നിരിക്കുന്നു. എക്‌സൈസിനും പൊലീസിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും എല്ലാം നമോവാകം. നാടിന്‍റെ വിവിധ മേഖലകളില്‍പുഷ്‌കലമായി വളരുന്ന അരിഷ്ട വ്യവസായം അറിയാതെ പോകുന്ന ബന്ധപ്പെട്ടവരെപ്പറ്റി എന്തു പറയാന്‍.
എത്ര കൃത്യനിഷ്ഠയാണെന്നോ രാവിലെ ആറുമണിക്ക് എങ്കിലും ഈ വൈദ്യശാല ബ്രാഞ്ചുകള്‍ തുറക്കും. വിറയലുള്ളവര്‍ക്ക് വേണ്ടിയുള്ള സേവനമാണ്. പിന്നെ പൊരിഞ്ഞ കച്ചവടമാണ്. രോഗികളുടെ തിരക്കോടു തിരക്ക്. രാവിലെ മുതല്‍ ജീവനക്കാര്‍ക്ക് നിന്നു തിരിയാന്‍ സമയമില്ല. ലോട്ടറികഴിഞ്ഞാല്‍ നടത്തുന്നവര്‍ തെണ്ടാത്ത ഒരു ബിസിനസ് കാണുന്നത് ഇപ്പോഴാണെന്ന് നാട്ടുകാര്‍. അരലക്ഷമെങ്കിലും വരുമാനമില്ലാത്ത ബ്രാഞ്ചുകള്‍ കുറവ്. പിന്നെ കുറ്റം പറയരുതല്ലോ നിയമപരമായ കാര്യങ്ങള്‍ അറിയാതെ വാട്‌സ് ആപിലും മറ്റും സ്റ്റോറി ഇടുന്നവരോട് ഏമാന്മാര്‍ക്ക് പറയാനുള്ളത് ഇതാണ്. ആല്‍ക്കഹോളിക് ശതമാനമൊക്കെ കിറുകൃത്യമാണ്. എല്ലാ ലൈസന്‍സുമുള്ള വ്യാപാരമാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരിക്കുന്നു. പിന്നെ പാലക്കാടുനിന്നും കള്ള് വരവില്‍ ഒരമാന്തമുണ്ട് ആയതിനാലാണ് ഈ തിരക്ക്. പിന്നെ രാവിലെ ആറുമണിക്ക് തുറക്കരുതെന്ന് നമുക്ക് പറയാനാവില്ല, ഇതിനാവുമ്പം ബാര്‍പോലെ സമയമൊന്നുമില്ല കേട്ടോ. സമാധാനിക്കൂ. എന്തുനല്ല വ്യാപാരോല്‍സുക ഉദ്യോഗസ്ഥ വൃന്ദം. വളരട്ടെ ഒരു ബിസിനസ് പച്ചപിടിക്കാന്‍ പാടുപെടുന്ന കാലത്താണ് ഇതൊക്കെ, സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ .

Advertisement