കരുനാഗപ്പള്ളി. സിപിഎം ഏരിയ നേതൃത്വത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച സംസ്ഥാന – ജില്ലാ നേതൃത്വത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത്. പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യമായി പ്രകടനം നടത്തുകയും നേതാക്കളെ പൂട്ടിയിടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത പ്രവർത്തികൾ ഉൾപ്പെടെ നടത്തിയവർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കാതെ, നടപടി തികച്ചും സംഘടനാപരമായ തിരുത്തലിൽ മാത്രം അവസാനിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിൽ നടന്ന പരസ്യപ്രകടനവും കുലശേഖരപുരത്ത് നേതാക്കളെ പൂട്ടിയിട്ടതുൾപ്പെടെയുള്ള സംഭവങ്ങളും സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കാതെ ഏരിയ കമ്മിറ്റിയെ പിരിച്ചുവിടുന്നതിലേക്ക് നടപടി വഴിതിരിച്ചു വിട്ടതിൽ ജില്ലാ സെക്രട്ടറിക്ക് വലിയ പങ്കുണ്ടെന്നാണ് എതിർപക്ഷം പറയുന്നത്.
ഇവിടുത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് തെറ്റായ ഉപദേശവും റിപ്പോർട്ടും നൽകി ഏരിയ കമ്മിറ്റി പിരിച്ചുവിടുന്ന നടപടി നേതൃത്വത്തെ കൊണ്ട് സ്വീകരിപ്പിച്ച ശേഷം ജില്ലയിൽ റിപ്പോർട്ട് ചെയ്യിക്കുകയായിരുന്നു എന്ന് എതിർവിഭാഗം പറയുന്നു. ജില്ലാ സെക്രട്ടറിയുടെ നീക്കത്തിന് ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു എന്നാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കിടയിലും ഭൂരിപക്ഷം ലഭിക്കില്ലെന്ന് കണ്ട് ജില്ലാ സെക്രട്ടറി നടത്തിയ തന്ത്രപരമായ നീക്കമാണ് ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന കരുനാഗപ്പള്ളിയിലെ ഏരിയ കമ്മിറ്റിയെ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത്. ജില്ലാ കമ്മിറ്റി അംഗത്തിന്റെ പക്ഷത്തിന് ഭൂരിപക്ഷമുള്ള ഏരിയ കമ്മിറ്റി പിടിച്ചെടുക്കാൻ സംസ്ഥാന കമ്മിറ്റി അംഗത്തെ അനുകൂലിക്കുന്ന വിഭാഗം ഏറെനാളായി നടത്തുന്ന പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ സമ്മേളനങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് ഏരിയ കമ്മിറ്റിക്കെതിരെ നടപടി എന്ന നീക്കമാണ് ശക്തമാക്കിയത്. ഇതിന് ഏറ്റവും ഒടുവിലത്തെ തീവ്ര സ്വഭാവത്തിലുള്ള പ്രതികരണങ്ങൾ ആയിരുന്നു നേതാക്കളെ പൂട്ടിയിട്ടും പരസ്യപ്രകടനം നടത്തിയതിലൂടെയും കരുനാഗപ്പള്ളിയിലെ വിമതപക്ഷം നടത്തിയത്. ഇതിന് ജില്ലാ സെക്രട്ടറിയുടെ മൗനാനുവാദവും ഉണ്ടായിരുന്നുവെന്നാണ് എതിർപക്ഷം ആക്ഷേപം ഉന്നയിക്കുന്നത്.
എന്നാൽ ജില്ലയിലെ ഏറ്റവും തലമുതിർന്ന നേതാവായ കെ. രാജഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ പൂട്ടിയിടുകയും വാഹനങ്ങൾ തടയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തതുൾപ്പടെയുള്ള അങ്ങേയറ്റം ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ അച്ചടക്ക നടപടി പ്രഖ്യാപിക്കാതെ ഏരിയ കമ്മിറ്റിയെ പിരിച്ചുവിടുന്ന തരത്തിലുള്ള സംഘടനാ നടപടിയിൽ മാത്രം നടപടികൾ ഒതുക്കിയതിനെതിരെ ജില്ലയിലെ മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും ഭൂരിപക്ഷം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കും ശക്തമായ വിയോജിപ്പുണ്ട്. ഇവരാരും അറിയാതെ രഹസ്യ നീക്കത്തിലൂടെ സംസ്ഥാന നേതൃത്വത്തെ ഉപയോഗപ്പെടുത്തി ജില്ലാ സെക്രട്ടറി നടത്തിയ നീക്കത്തിനെതിരെ ജില്ലയിലെ വലിയ വിഭാഗം നേതാക്കൾ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. അടുത്തയാഴ്ച നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എസ്. സുദേവനെതിരെയുള്ള നീക്കം ഇവർ ശക്തമാക്കും. നിലവിലെ ജില്ലാ സെക്രട്ടറിക്കെതിരെ ഉയർന്നു വന്നിട്ടുള്ള സാമ്പത്തിക ആരോപണം ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ ശേഖരിച്ച് ജില്ലാ സമ്മേളനത്തിൽ ആഞ്ഞടിക്കാൻ ആണ് ജില്ലയിലെ പ്രമുഖ വിഭാഗത്തിന്റെ തീരുമാനം. കരുനാഗപ്പള്ളിയിൽ പാർട്ടിക്കെതിരെ പരസ്യപ്രകടനം ഉൾപ്പെടെ നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടിലേക്ക് ജില്ലാ സെക്രട്ടറി പോയതിന് പിന്നിൽ എസ്.സുദേവൻ ഉണ്ടെന്നും ഇതിനുപിന്നിലെ കാര്യങ്ങളെല്ലാം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് എതിർപക്ഷം സംസ്ഥാന – കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെ കരുനാഗപ്പള്ളിയിലെ ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള കരുനാഗപ്പള്ളിയിൽ മൂന്നുമാസത്തിനകം ഏരിയ കമ്മറ്റി പുനസംഘടിപ്പിച്ച് സംഘടനാ നേതൃത്വം ഇവരെ ഏൽപ്പിക്കാനുള്ള നിർദ്ദേശമാണ് സംസ്ഥാന നേതൃത്വം അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിട്ടുള്ളത്.