കരുനാഗപ്പള്ളി. ചേരി തിരിഞ്ഞുള്ള പോര് തെരുവു യുദ്ധമായതോടെ സംസ്ഥാന നേതൃത്വത്തിന് കര്‍ശന നടപടിവേണ്ടി വന്ന കരുനാഗപ്പള്ളിയില്‍ നടുങ്ങി ഇരുപക്ഷവും . ഏരിയാ കമ്മിറ്റി തന്നെ പിരിച്ചുവിട്ടുള്ള നടപടി വൈകിവന്ന വിവേകമാണെങ്കിലും സഹനത്തിന്‍റെ നെല്ലിപ്പടിയില്‍ നിന്നുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ ഒറ്റമൂലിയായിരുന്നു.
പിആര്‍ വസന്തനെന്ന ഏക ഛത്രാധിപതി രണ്ടു പതിറ്റാണ്ടു കാലം അടക്കിവാണ ഏരിയാ കമ്മിറ്റിയാണ് സംസ്ഥാന സെക്രട്ടറി പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് തകര്‍ത്തു തരിപ്പണമാക്കിയത്. ഇനി കരുനാഗപ്പള്ളിയുടെ പാര്‍ട്ടി രക്തബന്ധുക്കളില്ലാത്ത അഡ്ഹോക്ക് കമ്മിറ്റി ഏരിയായിലെ പാർടിയെയും സ്ഥാപനങ്ങളെയും ഭരിക്കും. കൊടിയ അഴിമതി നടമാടുന്നുവെന്ന് വിമത പക്ഷം ആരോപിച്ച പാർടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ഇനി ഔദ്യോഗിക പക്ഷം കാഴ്ചക്കാരാകും. ഒരര്‍ത്ഥത്തില്‍ ഇത്തവണയും ഔദ്യോഗികപക്ഷം സുഖമായി പിടിമുറുക്കിയതായിരുന്നു.ഇവര്‍ പടിപടിയായി മുന്നേറിയത് കണ്ട് നിലവിട്ട വിമതപക്ഷത്തിന്‍റെ ചാവേര്‍പ്പോരാട്ടമാണ് കരുനാഗപ്പള്ളിയില്‍ തെരുവില്‍ കണ്ടത്. അതുവഴി സ്വയം നശിച്ചായാലും അവര്‍ ലക്ഷ്യം കണ്ടു.
എന്തുവില കൊടുത്തും ഏരിയാ കമ്മിറ്റിയെ പിരിച്ചു വിടുക എന്ന ലക്ഷ്യം നിറവേറിയതിൽ വിമതപക്ഷത്തിന് സന്തോഷിക്കാം. പരസ്യമായി പാർടിയെ വെല്ലുവിളിച്ചവർക്കെതിരെ തൽക്കാലം നടപടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പിന്നാലെ അതുമുണ്ടാകുമെന്നാണ് സൂചന.പങ്കെടുത്തവരുടെ പട്ടിക ആവശ്യപ്പെട്ട സംസ്ഥാന നേതൃത്വം വിമതരുടെ ഘടകങ്ങളിൽ നടപടി എടുക്കാൻ നിർദേശം നൽകിയേക്കും. പുതിയ സംസ്ഥാന കമ്മിറ്റിയിൽ സൂസൻകോടി ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.ജില്ലാ സെക്രട്ടേറിയേറ്റിലേക്കുള്ള പി.ആർ വസന്തൻെറ തിരിച്ചുവരവും ദുഷ്ക്കരമാണ്. രണ്ട് നേതാക്കളേയും തള്ളിപ്പറഞ്ഞു കഴിഞ്ഞു സംസ്ഥാന നേതൃത്വം. പുതിയ തീരുമാനത്തോടെ നിലവിലെ ലോക്കൽ കമ്മിറ്റികളുടെ കഥയും കഴിഞ്ഞു. എല്ലാം അഡ്ഹോക്ക് കമ്മിറ്റി തീരുമാനിക്കുമെന്ന പ്രഖ്യാപനം ലോക്കല്‍ തലങ്ങളിലെ ഇരുപക്ഷത്തെയും നേതാക്കൾക്ക് ഇടിത്തീയായി.പാർടി സ്ഥാപനങ്ങളിലെ നിയമനങ്ങളും സാമ്പത്തിക ഇടപാടുകളും ഭൂമി കയ്യേറ്റവുമെല്ലാം വീണ്ടും ചർച്ചയിലെത്തിക്കാനാണ് ഇരുപക്ഷത്തിൻേറയും നീക്കം. രണ്ടുധ്രുവങ്ങളായി നിന്ന കരുനാഗപ്പള്ളിയിലെ പാർടിയെ കരകയറ്റാനുള്ള നടപടികളെ സാധാരണ അണികൾ പ്രതീക്ഷയോടെയാണ് കാണുന്നത്.