ശാസ്താംകോട്ട:ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭീതി വിതച്ച് തമിഴ്നാട്ടിൽ നിന്നുള്ള കുറുവാ സംഘം നടത്തുന്ന മോഷണങ്ങൾക്ക് സമാനമായി കുന്നത്തൂർ താലൂക്കിൽ വ്യാജ കുറുവാ സംഘം വിലസുന്നതായി പരാതി.മുഖം കറുത്ത തുണികൊണ്ട് മറച്ച് അർദ്ധനഗ്നരായി എത്തുന്നവർ വീട്ടുകാർ ഉണരുമ്പോഴേക്കും ഇരുളിലേക്ക് ഓടി മറയും.വീടുകളുടെ അടുക്കള വാതിലിൽ ശക്തമായി ഇടിക്കുകയും തട്ടി വിളിക്കുകയും കോളിങ്ബെൽ നിർത്താതെ ശബ്ദിപ്പിക്കുകയും,ഉച്ചത്തിൽ അപശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഇക്കൂട്ടരുടെ രീതി.സ്ത്രീകൾ മാത്രമുള്ള വീടുകളിൽ അതിക്രമം രൂക്ഷമാണ്.എന്നാൽ ഇതുവരെ ഇക്കൂട്ടർ ഒരിടത്തു നിന്നും യാതൊന്നും മോഷ്ടിച്ചിട്ടില്ലായെന്നതും പ്രത്യേകതയാണ്.ശാസ്താംകോട്ട,
കുന്നത്തൂർ പഞ്ചായത്തുകളിലാന് വ്യാജ കുറുവാ സംഘത്തിൻ്റെ ഭീഷണി കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ശാസ്താംകോട്ടയിൽ പള്ളിശ്ശേരിക്കൽ,മനക്കര കിഴക്ക്,മനക്കര പടിഞ്ഞാറ്,കുന്നത്തൂരിൽ തോട്ടത്തുംമുറി,ആറ്റുകടവ്,ഭൂതക്കുഴി
ഭാഗങ്ങളിലാണ് വ്യാജകുറുവാ സംഘം അഴിഞ്ഞാടുന്നത്.സംഭവം അറിയിക്കുമ്പോൾ ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങും.വാർത്ത നാടാകെ പ്രചരിക്കുന്നതോടെ പൊടിപ്പും തൊങ്ങലുമായി ഭീതിപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.അർദ്ധരാത്രിയിൽ ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ മുഖം മറച്ച് അടിവസ്ത്രം മാത്രം ധരിച്ച് റോഡിലൂടെ നടക്കുന്നവരെ കണ്ടിട്ടുള്ളതായി പറയപ്പെടുന്നു.കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ കൊട്ടാരക്കരയിൽ സ്കൂൾ കലോത്സവം കഴിഞ്ഞു മടങ്ങിയ ദമ്പതികൾ പുത്തൂർ പഴവറയിൽ വച്ച് ഇത്തരത്തിൽ ഒരാളെ കണ്ടതായും ഉടൻ തന്നെ പുത്തൂർ പൊലീസ് സ്‌റ്റേഷനിലേക്ക് നിരവധി തവണ വിളിച്ചെങ്കിലും ഫോൺ പോലും എടുത്തില്ലെന്നും പരാതിയുണ്ട്.പ്രദേശവാസികളായ സാമൂഹ്യവിരുദ്ധരാകും വ്യാജ കുറുവാ സംഘത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.അതിനിടെ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നതെന്നാണ് പരാതി ഉയരുന്നത്.