പ്രതിയുടെ വീട്ടില്‍ മോഷണം നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Advertisement

അഞ്ചല്‍: ചിതറ കള്ളവാറ്റ് പ്രതിയുടെ വീട്ടില്‍ മോഷണം നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍.
ചടയമംഗലം എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈജുവാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ആയിരുന്നു സംഭവം. ചിതറ മാങ്കോട് തെറ്റിമുക്കില്‍ അന്‍സാരി മന്‍സിലില്‍ അന്‍സാരി വ്യാജവാറ്റ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടയമംഗലം എക്‌സൈസ് സംഘം എത്തി വാറ്റ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. റിമാന്‍ഡിലായ അന്‍സാരി നാല്‍പത്തി രണ്ട് ദിവസം തടവില്‍ കഴിഞ്ഞു. ഭാര്യയുമായി പിരിഞ്ഞ് താമസിച്ചിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയപ്പോള്‍
കിടപ്പ് മുറിയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവന്റെ സ്വര്‍ണ മാലയും പത്ത് ഗ്രാം തൂക്കം വരുന്ന ലോക്കറ്റും മൊബൈല്‍ ഫോണും മറ്റും നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ചിതറ പോലീസിനും പോലീസിന്റെ അനാസ്ഥ കാട്ടി കൊട്ടാരക്കര റൂറല്‍ എസ്പിക്കും പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തുകയും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും കേസ് മടക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് അഭിഭാഷകന്‍ മുഖേന അന്‍സാരി കോടതിയെ സമീപിക്കുകയും കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. പോലീസ് ശരിയായി അന്വേഷണം നടത്തിയിട്ടില്ലന്നും സിഡി ഫയല്‍ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസിനോട് കേസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ വെള്ളിയാഴ്ച ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിന്നു. ഇതിനിടയില്‍ അന്‍സാരിയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കൈവശം വെച്ച് ഉപയോഗിച്ച എക്‌സൈസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ ചിതറ പോലീസിന്റെ പിടിയിലായത്. നഷ്ടപ്പെട്ടെ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കോടതിയെ സമീപിച്ചതോടെയാണ് മടക്കിയ കേസ് അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയത്. തുടര്‍ന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഷിജു അന്‍സാരിയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയത്. പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisement