കൊട്ടിയം: നിരവധി മോഷണ കേസിലെ പ്രതി പോലീസ് പിടിയിലായി. മീയ്യണ്ണൂര്‍ ശാസ്താംപൊയ്ക ഇടയിലെഴികത്ത് പുത്തന്‍ വീട്ടില്‍ പാച്ചാളം എന്നുവിളിക്കുന്ന അഭിലാഷ് (32) ആണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അക്കാഡമിയിലെ ഗോഡൗണില്‍ നിന്നും കഴിഞ്ഞ മാസം 25ന് 4.5 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രിക് പ്ലമ്പിംഗ് സാധനങ്ങളും ചെമ്പ് കമ്പിയും മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണിയാള്‍ പിടിയിലായത്.
ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ കണ്ണനല്ലൂര്‍ ഐഎസ്എച്ച്ഒ രാജേഷ്, എസ്‌ഐമാരായ ജിബി, ഹരി സോമന്‍, രാജേന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ്, കൊട്ടിയം, ചാത്തന്നൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണ കേസിലും ഇയാള്‍ പ്രതിയാണ്. പ്രതിയെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.