ആര്യങ്കാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം.
സേലം സ്വദേശി ധനപാലാണ് മരിച്ചത്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സേലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അയ്യപ്പദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കൊല്ലം ആര്യങ്കാവ് പഴയ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
ബസിൽ സേലം സ്വദേശികളായ 30 പേർ ഉണ്ടായിരുന്നു 16 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽനിന്ന് സിമന്റുമായി വന്ന ലോറിയാണ് ബസുമായി കൂട്ടിയിടിച്ചത്.