ശാസ്താംകോട്ട:പൊതുപരീക്ഷകളിലെ ഇൻവിജിലേഷൻ ഡ്യൂട്ടിക്കും മൂല്യനിർണയത്തിനും ലഭിക്കേണ്ട പ്രതിഫലം നിഷേധിക്കുന്നതിൽ സംസ്ഥാന വ്യാപകമായി അധ്യാപകർ പ്രതിഷേധത്തിൽ.കോവിഡിന് ശേഷം ഇതുവരെയും വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് പരീക്ഷ നടത്തിപ്പിന് ലഭിക്കേണ്ട പ്രതിഫലത്തുക ലഭിച്ചിട്ടില്ലത്രേ.2023ൽ മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് ഒരുകോടി 65 ലക്ഷം രൂപയും 2024 ൽ 1കോടി 70 ലക്ഷം രൂപയും കുടിശ്ശികയാണ്.2000 ത്തിന് ശേഷം പരീക്ഷാ ജോലിക്കുള്ള വേതനത്തിന് പുറമെയാണിത്.സാമ്പത്തിക ഞെരുക്കത്തിന്റെ പേരു പറഞ്ഞാണ് സർക്കാർ അധ്യാപകരുടെ വേതനം നിഷേധിക്കുന്നത്.കുടിശ്ശിക തുക അനുവദിച്ചില്ലെങ്കിൽ മാർച്ചിലെ പൊതുപരീക്ഷയും മൂല്യനിർണയവും ബഹിഷ്കരിക്കുന്ന തരത്തിലേക്ക് പ്രതിഷേധം വഴിമാറിയിട്ടുണ്ട്.
ഒന്നും രണ്ടും വർഷ കുട്ടികളുടെ പേപ്പർ നോക്കുന്ന ഒരധ്യാപകന് 75000 ത്തിന് അടുത്തുള്ള തുക പ്രതിവർഷം കിട്ടേണ്ടതാണ്.മധ്യ വേനൽ അവധി കാലത്ത് 25 ദിവസത്തോളം ജില്ലയ്ക്ക് പുറത്തുള്ള കേന്ദ്രങ്ങളിൽ എത്തിയാണ് പേപ്പർ നോക്കുന്നത്.14 ജില്ലയ്ക്കും കൂടി ആകെ 8 കേന്ദ്രങ്ങൾ മാത്രമാണ് നിലവിലുള്ളത്.അടിയന്തിരമായി പ്രതിഫലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിനെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയെയും അധ്യാപകർ സമീപിച്ചിട്ടുണ്ട്. അതിനിടെ അധ്യാപകരോടുള്ള സർക്കാരിൻ്റെ സമീപനം നിഷേധാത്മകമാണെന്നും ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്നും വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലെക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാനത്ത് പ്രസിഡൻ്റ് പി.ടി ശ്രീകുമാർ, ജനറൽ സെക്രട്ടറി കെ.ഗോപകുമാർ,ചെയർമാൻ ഷാജി പാരിപ്പള്ളി എന്നിവർ അറിയിച്ചു.