ശാസ്താംകോട്ട ഭരണിക്കാവിൽ അമിത വേഗതയിൽ വന്ന ഇരുചക്രവാഹനം തട്ടി മധ്യവയസ്കനും തയ്യൽ തൊഴിലാളിയുമായിരുന്ന പോരുവഴി കമ്പലടി ചന്ദ്രാലയത്തിൽ സോമശേഖരക്കുറുപ്പ് മരണപ്പെട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും ഇടിച്ചിട്ട വാഹനത്തെയോ വാഹനം ഓടിച്ചവരെയോ കണ്ടെത്താൻ ഇതുവരെയായിട്ടും കഴിഞ്ഞിട്ടില്ല. മരണാനന്തരം ലഭിക്കേണ്ട സഹായം പോലും ലഭിക്കാത്ത നിലയിലാണ് വീട്ടുകാര്‍.
ഭരണിക്കാവ് ജംഗ്ഷനിലെ സി.സി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടന്നെങ്കിലും ഇപ്പോൾ നിലച്ച മട്ടാണ്.ജൂൺ 13 ന് വൈകിട്ടാണ് അതി വേഗതയിൽ വന്ന ഇരുചക്ര വാഹനം റോഡ് മുറിച്ചു കടന്നുകൊണ്ടിരുന്ന ആളിനെ ഇടിച്ചിട്ട് നിർത്താതെ പോയത്…14 ന് ചികിത്സയിലിരിക്കെ സോമശേഖരക്കുറുപ്പ് മരണപ്പെട്ടു.
ശാസ്താംകോട്ട ഡിവൈഎസ്പി ഓഫീസിനു മുന്നിൽ അടുത്തിടെ രണ്ട് വീട്ടമ്മമാരെ ഇ ടിച്ചിട്ട വാഹനവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്നുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലം മാറി പോയശേഷം വാഹനം കണ്ടെത്താനുള്ള ശ്രമം അവസാനിച്ചതായി ആക്ഷേപമുണ്ട്. അന്വേഷണം ഊർജ്ജതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം. പോലീസ് നിഷ്ക്രിയത്വത്തിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ