മുന്‍ വിരോധത്താല്‍ ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി. മുന്‍ വിരോധം നിമിത്തം ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ശാസ്താംകോട്ട കോവൂര്‍ അരിനല്ലൂര്‍ കല്ലൂവിള വീട്ടില്‍ സിദ്ധാര്‍ത്ഥ്(20), തേവലക്കര അരിനല്ലൂര്‍ ചെറുവിളവീട്ടില്‍ കാവ്യേഷ്(21) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിലെ പോളീടെക്‌നിക്ക് കോളേജില്‍ വച്ച് വിദ്യാര്‍ത്ഥികളായ പ്രണവും അന്‍സിലും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ മുന്‍വിരോധത്തെ തുടര്‍ന്ന് പ്രണവും സുഹൃത്തുക്കളും കരുനാഗപ്പള്ളി ജീവാ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ട് നിന്ന അന്‍സിലിനെയും സുഹൃത്തുകളെയും ആക്രമിക്കുകയായിരുന്നു. ആക്രമണം കണ്ട് പിടിച്ചുമാറ്റാന്‍ എത്തിയ സമീപവാസിയായ യുവാവിനും ഗുരുതരമായി പരിക്കേറ്റു. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപെട്ട മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍ എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാര്‍, സിപിഒ റഫീക്ക് എന്നിവര്‍ ചെര്‍ന്നാണ് പ്രതികളെ പിടികൂടിയത്.