ശബരിമല തീര്‍ഥാടനം; ഗതാഗത സുരക്ഷാ പരിശോധന നടത്തും

Advertisement

ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഡിസംബര്‍ നാലിന് അപകടത്തില്‍ പെട്ട പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് റോഡ് സുരക്ഷാ പരിശോധന നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഈ പരിശോധനയിലൂടെ അപകട സാധ്യതകളും ക്രമീകരണങ്ങളിലെ പോരായ്മകളുണ്ടെങ്കില്‍ അതും കണ്ടെത്തി അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന്  യോഗത്തില്‍  അധ്യക്ഷത വഹിച്ച എ.ഡി.എം. ജി.നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. ഡ്രൈവര്‍മാരുടെ അശ്രദ്ധ, ഉറക്കക്കുറവ്, ഓവര്‍ടേക്കിങ്, അമിത വേഗം തുടങ്ങി വിവിധ കാരണങ്ങള്‍ കൊണ്ട് അപകടങ്ങളുണ്ടാകും. ഇത് സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിന് നടപടി സ്വീകരിക്കും. ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.
പോലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ രാത്രികാല പട്രോളിങും മറ്റ് പരിശോധനകളും ശക്തമാക്കും. സുഗമമായ ഗതാഗതത്തെ ബാധിക്കുന്ന തടസങ്ങളുണ്ടെങ്കില്‍ നീക്കം ചെയ്യാനും നടപടിയുണ്ടാകും. പുനലൂര്‍ റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പുനലൂര്‍ ആര്‍.ഡി.ഒ. ജി.സുരേഷ് ബാബു, ഗതാഗതം, പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ്, വനം, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, റവന്യു, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement