കൊല്ലം: ഓണ്‍ലൈന്‍ മാട്രിമോണിയല്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യ പങ്കാളിയെ തിരുവനന്തപുരത്ത് നിന്നും കൊല്ലം റൂറല്‍ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, വാഴിച്ചാല്‍, പെരായിക്കോണം, 4/739 അവിട്ടം നിവാസില്‍ ശ്രീജിത്ത്. എസ് (42) ആണ് അറസ്റ്റിലായത്.
അഞ്ചല്‍ സ്വദേശിനിയായ പരാതിക്കാരിയുടെ മകന് വിവാഹാലോചന നടത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിലാണ് പ്രതി അറസ്റ്റിലായത്. പ്രതി വിവിധ മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്നും ശേഖരിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ വിവിധ മാട്രിമോണിയല്‍ സൈറ്റുകളുടെ പരസ്യം നല്‍കിയ ശേഷം അതിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.
കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ട്ടര്‍ അനില്‍കുമാര്‍.വി. വി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് ജയപാല്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.