വാഹന മോഷ്ടാവ് പിടിയില്‍

Advertisement

കൊല്ലം: റെയില്‍വെ സ്റ്റേഷനു സമീപത്തു നിന്ന് പേരൂര്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച യുവാവ് പോലീസിന്റെ പിടിയിലായി. കഠിനംകുളം ചാന്നാങ്കര സംഗീത ഭവനില്‍ ശ്രീജിത്ത്(24) നെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. റെയില്‍വെ സ്റ്റേഷന് തെക്കുവശത്തുള്ള റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കാണ് മോഷണം പോയത്.
ഉടന്‍തന്നെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം നടത്തി വരുന്നതിനിടയില്‍ പ്രതിയായ ശ്രീജിത്ത് കഠിനംകുളം പോലീസിന്റെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കഠിനംകുളം പോലീസ് വാഹന പരിശോധന നടത്തി വരുന്നതിനിടയില്‍ സംശയകരമായ സാഹചര്യത്തില്‍ ശ്രീജിത്ത് ഓടിച്ചുവന്ന ബൈക്ക് തടഞ്ഞു നിര്‍ത്തിവിവരങ്ങള്‍ ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളാണ് പറഞ്ഞത്.
തുടര്‍ന്ന് വാഹനത്തിന്റെ രജിസ്റ്റേര്‍ഡ് ഉടമയുടെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വാഹനം മോഷണം പോയതാണെന്ന് മനസ്സിലാക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തി. കോടതിയില്‍ഹാജരാക്കി റിമാന്‍ഡ് ചെയ്തു.