പാഴ്‌സലില്‍ മയക്കുമരുന്ന്; കൊട്ടിയം സ്വദേശിക്ക് 92 ലക്ഷം നഷ്ടമായി
കൊല്ലം: തനിച്ച് താമസിക്കുന്ന കൊട്ടിയം സ്വദേശിയായ 62 വയസുകാരിയെ മുംബൈ പോലീസ് എന്ന വ്യാജേനയാണ് വാട്‌സ്ആപ്പ് കോള്‍ വഴി ബന്ധപ്പെട്ടത്. അവരുടെ പേരില്‍ അയച്ചുകിട്ടിയ പാര്‍സലില്‍ എംഡിഎംഎ ഉണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് അവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് 24 വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിന് ബാങ്കിലെ പണം മുഴുവന്‍ ആര്‍ബിഐയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും വിശ്വസിപ്പിച്ചു. വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പണം തിരിച്ച് ക്രെഡിറ്റ് ആകുമെന്നും പറഞ്ഞു.
വെര്‍ച്വല്‍ അറസ്റ്റില്‍ തുടരുന്നതിനാല്‍ ബാങ്കിംഗ് ഇടപാടുകളുടെ സമയത്ത് വീഡിയോകാള്‍ കട്ട് ചെയ്യരുതെന്നും മൊബൈലിലെ ചാര്‍ജ് തീരാതിരിക്കാന്‍ പവര്‍ ബാങ്ക് ഉപയോഗിക്കണമെന്നും തട്ടിപ്പുകാര്‍ നിര്‍ദേശിച്ചിരുന്നു. രണ്ട്ദിവസം കഴിഞ്ഞ് വീട്ടിലെത്തിയ ബന്ധു ഇവരുടെ അവസ്ഥ കണ്ട് കാര്യം അന്വേഷിച്ചപ്പോള്‍ വെര്‍ച്വല്‍ അറസ്റ്റില്‍ തുടരുന്നതിനാല്‍ സംസാരിക്കുവാന്‍ കഴിയില്ലെന്ന കാര്യം എഴുതി നല്കി. ബന്ധു അറിയിച്ചതില്‍ പ്രകാരം പോലീസ് എത്തി രക്ഷപ്പെടുത്തി. അപ്പോഴേക്കും 92 ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു.
കൊറിയറില്‍ മയക്കുമരുന്ന്; ഒരു കോടി നഷ്ടമായി
കൊല്ലം വെസ്റ്റ് സ്വദേശിയായ 72 വയസുള്ള വയോധികന്റെ ഭാര്യയ്ക്ക് നഷ്ടമായത് ഒരു കോടി രൂപ. കൊറിയര്‍ കമ്പനിയുടെ പേരിലാണ് ഫോണ്‍വിളി എത്തിയത്. ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് മുംബൈയില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് ഒരു പാഴ്‌സല്‍ പോയിട്ടുള്ളതായും ഇതില്‍ 5 ലാപ്‌ടോപ്പ്, പാസ്‌പോര്‍ട്ട്, ബാങ്ക്‌രേഖകള്‍, കൂടാതെ 400 ഗ്രാം എംഡിഎംഎ ഉള്ളതായി കണ്ടെത്തിയെന്നും മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
ഒരു പ്രതിയെ ഇതിനോടകം പോലീസ് പിടികൂടിയിട്ടുണ്ടെന്നും ഈ കേസില്‍ ഭര്‍ത്താവ് സംശയത്തിലാണെന്നും പറഞ്ഞു. മുംബൈ പോലീസും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, സിബിഐയും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം വീഡിയോകോള്‍ ചെയ്യുകയുമായിരുന്നു.
വീഡിയോകോളില്‍ പോലീസ് യൂണിഫോമില്‍ എത്തിയ വ്യക്തി ഈ സമയം മുതല്‍ വെര്‍ച്ചല്‍ അറസ്റ്റില്‍ ആണെന്നും മറ്റുള്ളവവര്‍ ആരും വിവരം അറിയാന്‍ പാടില്ലെന്നും പറഞ്ഞു. ബാങ്ക്അക്കൗണ്ട് ബാലന്‍സ് വെരിഫൈ ചെയ്യുന്നതിനായി ബാങ്കിലെ പണം മുഴുവന്‍ ആര്‍ബിഐയുടെഅക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും വിശ്വസിപ്പിച്ചു.
വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പണംതിരിച്ച് ക്രെഡിറ്റ് ആകുമെന്നും പറഞ്ഞു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരുകോടി അഞ്ചുലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
ഓണ്‍ലൈന്‍ ട്രേഡിങ്: ഒരു കോടി തട്ടിയെടുത്തു
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് അഞ്ചാലുംമൂട് സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇദ്ദേഹത്തെ വാട്‌സ്ആപ്പ്‌വഴി ബന്ധപ്പെട്ട ശേഷം ഒരു വ്യാജവാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കി.
ട്രേഡിംഗുമായി ബന്ധപ്പെട്ട ചാറ്റ് മെസേജുകള്‍ നല്കി, ഓണ്‍ലൈനായി ട്രേഡിംഗ് ചെയ്യാന്‍ പഠിപ്പിച്ച ശേഷം വ്യാജമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്റെ ലിങ്ക് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അയച്ചു കൊടുത്തു. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അദ്ദേഹത്തിന്റെ ആധാറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈക്കലാക്കിയ ശേഷം ബ്ലോക്ക് ട്രേഡിംഗിനും മറ്റുമായി പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു.
തുടര്‍ന്ന് ട്രേഡിംഗിലൂടെ വന്‍ തുക ലാഭം നേടിയതായി അവരുടെ പ്ലാറ്റ്‌ഫോമില്‍ പെരുപ്പിച്ച് കാണിച്ച് കൂടുതല്‍ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഒരുകോടിയോളം രൂപ തട്ടിയെടുത്തു.
മുന്നറിയിപ്പുകള്‍ക്കിടയിലും തട്ടിപ്പ് തുടരുന്നു
വെര്‍ച്വല്‍ അറസ്റ്റ് രാജ്യത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയും ഇതനുസരിച്ച് നിരന്തരം മുന്നറിയിപ്പ് നല്കിയിട്ടും സൈബര്‍ തട്ടിപ്പ് തുടരുകയാണ്. സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരു ഉന്നത വ്യക്തിയെ കൊല്ലത്തെ പ്രമുഖ ഹോട്ടലില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നു എന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം സിറ്റിസൈബര്‍ പോലീസ്എത്തി ഇത് തട്ടിപ്പാണെന്ന് അവരെ ബോധ്യപ്പെടുത്തിയത് അടുത്തിടെയാണ്.
മുണ്ടയ്ക്കല്‍ സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു വച്ചിരിക്കുന്നു എന്ന വിവരം ഡോക്ടറുടെ അമ്മ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്നാണ് സത്യാവസ്ഥ ബോധ്യപ്പെടുത്തിയത്. സമാന അനുഭവം തങ്കശ്ശേരിയിലുള്ള ഒരു വനിതയ്ക്കുംഉ ണ്ടായിരുന്നു. കൊല്ലം സിറ്റിസൈബര്‍ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഇവര്‍ക്ക് പണം നഷ്ടമായില്ല.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയോ വേണം.