സംസ്ഥാനത്തെ ഏറ്റവും കരുത്തുള്ള രാഷ്ട്രീയ കക്ഷിയായ സിപിഎമ്മിന്‍റെ ജില്ലാ സമ്മേളനങ്ങൾക്ക് കൊല്ലത്ത് നാളെ തുടക്കം

Advertisement

കൊല്ലം. രണ്ടാംവട്ടം അധികാരത്തിലേറി എന്ന ഒറ്റ മെരിറ്റില്‍ എല്ലാ പരാജയങ്ങളും മറച്ച് മുന്നേറുമ്പോള്‍ തീയും പുകയും പുറത്തേക്ക്. സംസ്ഥാനത്തെ ഏറ്റവും കരുത്തുള്ള രാഷ്ട്രീയ കക്ഷിയായ സിപിഎമ്മിന്‍റെ ജില്ലാ സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. പാര്‍ട്ടിയില്‍ ചോദ്യങ്ങളില്ലാത്ത കാലം അവസാനിക്കുന്നു എന്ന തോന്നലുണ്ടാക്കി വിഭാഗീയതയുടെ പേരിൽ ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്താണ് ആദ്യ സമ്മേളനം. രണ്ടാം പിണറായി സർക്കാറിന്‍റെ ഭരണപരമായ വീഴ്ചകളും പാർട്ടി നിലപാടുകളും സമ്മേളനങ്ങളിൽ സജീവ ചർച്ചയാകും.

നാളെ മുതൽ ഡിസംബര്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം. പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ സമ്മേളനത്തില്‍ 450 പ്രതിനിധികള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ പാര്‍ട്ടിക്ക് കരുത്തു പകര്‍ന്നുവന്ന കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ലെന്നത് ആ മേഖലയക്ക് ആകെ അപമാനകരമാണ്. സമ്മേളനം കയ്യാങ്കളിയില്‍ കലാശിച്ച കരുനാഗപ്പള്ളിയില്‍ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഏഴ് അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ ഏരിയ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്. വിഭാഗീയതയുടെ കാലം കഴിഞ്ഞെന്ന ആത്മവിശ്വാസവുമായാണ് ഇത്തവണ സിപിഎം സംഘടനാ സമ്മേളനങ്ങളിലേക്ക് കടന്നത്. എന്നാല്‍ അത് കീഴ്മേല്‍ മറിഞ്ഞത് പലയിടത്തുംകണ്ടു. പിടിവിട്ടുപോയത് കരുനാഗപ്പള്ളിയിലാണെന്ന് മാത്രം

ഏര്യാ സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോൾ പൊട്ടിത്തെറികളായി. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്താണ് വിഭാഗീയത തെരുവിലെത്തിയത്. ഒടുവിൽ സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തിയാണ് കരുനാഗപ്പള്ളി ഏര്യാ കമ്മിറ്റി പിരിച്ച് വിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ വെച്ചത്. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്ത് തന്നെ ഇത്തരം പൊട്ടിത്തെറിയുണ്ടായത് നേതൃത്വത്തെ ഞെട്ടിച്ചു. പൊലീസ് വകുപ്പ് അടക്കം സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിൽ സൂക്ഷ്മ പരിശോധന ജില്ലാ സമ്മേളന ചർച്ചകളിൽ നടന്നേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയര്‍ന്ന ആക്ഷേപങ്ങളും പിവി അൻവറും പി ശശിയും മുതൽ പിപി ദിവ്യ വരെ ഉൾപ്പെട്ട വിവാദങ്ങളും ചര്‍ച്ചയാകുമോയെന്ന് കണ്ടറിയണം.

പാര്‍ട്ടി ചര്‍ച്ച ചെയ്തില്ലെങ്കിലും ജനം വേണ്ടുവോളം ചര്‍ച്ച ചെയ്യുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയും ഉപതെരഞ്ഞെടുപ്പ് വിലയിരുത്തലും ചര്‍ച്ചയാകുന്ന സമ്മേളനങ്ങൾ മൂന്നാം തുടര്‍ ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന് സംഘടനാ തലത്തിലും നിര്‍ണ്ണായകമാണ്. മാര്‍ച്ച് ആദ്യ വാരം കൊല്ലത്താണ് സംസ്ഥാന സമ്മേളനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here