കൊല്ലം: കൊല്ലം നഗര ഹൃദയത്തില്‍ പോലീസ് നടത്തിയ ലഹരിമരുന്ന് പരിശോധനയില്‍ എംഡി.എംഎ യുമായി യുവാവ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം പുളിമാത്ത് മഞ്ഞപ്പാറ തടത്തരികത്ത് വീട്ടില്‍ സെബിന്‍ ഫിലിപ്പാ(22)ണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കൊല്ലത്തെ ഒരു സ്വകാര്യ ലോഡ്ജില്‍ നിരോധിത മയക്ക് മരുന്നുമായി യുവാവ് എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാള്‍ തട്ടിക്കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചിരുന്ന 17 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയേയും ഇയാളോടൊപ്പം ലോഡ്ജില്‍ കണ്ടെത്തി. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന ഷോള്‍ഡര്‍ ബാഗ് വിശദമായി പരിശോധിച്ചതില്‍ ബാഗില്‍ നിന്നും 6.391 ഗ്രാം
എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച
പോലീസ് സംഘം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കളുടെ അനുവാദം കൂടാതെ തട്ടിക്കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജി
സ്റ്റര്‍ ചെയ്യ്തിട്ടുണ്ട്.
കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും വില്‍പ്പന നടത്തുന്നതിനായി ബാംഗ്ലൂരില്‍ നിന്നും എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ ജില്ലാ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എസിപി ഷെറീഫ്. എസിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, എസ്‌ഐമാരായ സുമേഷ്, ജോയ്, സവിരാജ്, സിപിഓമാരായ വിനോദ്, ആദര്‍ശ്, ദീപക്, ഷഫീക്ക് എന്നിവരും ഡാന്‍സാഫ് എസ്‌ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതിയെ പിടികൂടിയത്.