കൊല്ലത്ത് ഭാര്യയെ വെട്ടിപരിക്കേല്പിച്ച് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Advertisement

പരവൂര്‍: ഭാര്യയെ വെട്ടിപരിക്കേല്പിച്ച് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തന്‍കുളം അമ്മാരത്ത് മുക്ക് ഷാജി നിവാസില്‍ ബിന്ദു (45)വിനെയാണ് ഭര്‍ത്താവ് ഷാജി (50)വെട്ടി പരിക്കേല്പിച്ചത്. തുടര്‍ന്ന് ഇയാള്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഷാജി ഇന്ന് രാവിലെ 8 ഓടെ തുണിയെടുക്കാന്‍ വീട്ടില്‍ എത്തുകയും ഭാര്യയുമായി ഉണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ വീട്ടിലെ കട്ടിലിനടിയില്‍ ഉണ്ടായിരുന്ന കൊടുവാള്‍ എടുത്ത് ഭാര്യയെ ആക്രമിക്കുകയുമായിരുന്നു.
ബിന്ദുവിന്റെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരെ കണ്ട് ഷാജി മുറിക്കുള്ളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഭാര്യ ബിന്ദുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരവൂര്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഷാജിയുടെ പേരില്‍ കേസെടുത്തു.