സിപിഎം കൊല്ലം ജില്ലാസമ്മേളനം ഇന്നു തുടങ്ങും, വേകാത്ത കഷണമായി കരുനാഗപ്പള്ളി

Advertisement

കൊല്ലം. സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമാകുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയ്ക്കും സംവാദത്തിനും ഇടയാക്കുക കരുനാഗപ്പള്ളി വിഷയം തന്നെ ആയിരിക്കും.

ജില്ലയിൽ തന്നെ ഏറ്റവും വലിയ സംഘടനാ ശേഷിയും കൂടുതൽ അംഗത്വവുമുള്ള വലിയ ഏരിയ കമ്മിറ്റികളിൽ ഒന്നായ കരുനാഗപ്പള്ളിയിൽ കമ്മറ്റി തന്നെ പിരിച്ചുവിട്ടു താൽക്കാലിക കമ്മിറ്റിക്ക് ചുമതല കൊടുക്കേണ്ടി വന്ന സാഹചര്യം സമ്മേളനത്തിൽ വലിയ ചർച്ചയ്ക്ക് വഴിവയ്ക്കും. പരസ്യമായി നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടി ഓഫീസിലേക്ക് പ്രകടനം സംഘടിപ്പിക്കുകയും ജില്ലയിലെ മുതിർന്ന നേതാക്കളെ അടക്കം പൂട്ടിയിട്ട് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും സമ്മേളനങ്ങൾ അലങ്കോലപ്പെടുത്തുകയും ചെയ്ത ഒരു വിഭാഗം പ്രവർത്തകർക്കെതിരെ നാളിതുവരെ യാതൊരു സംഘടന നടപടിയും സ്വീകരിക്കാത്ത ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്താന്‍ ഒരു വിഭാഗം കരുനീക്കം നടത്തുന്നു.

സി.പി.എം പോലെയുള്ള ഒരു പാർട്ടിയിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് രംഗത്ത് വരികയും ഒരിക്കലും കെട്ടുകേൾവിയില്ലാത്ത തരത്തിൽ നേതാക്കളെ പൂട്ടിയിടുന്നതടക്കമുള്ള നിലപാടുകൾ സ്വീകരിക്കേണ്ടി വന്നത് ഒരുവിഭാഗത്തിന് എന്തുവന്നാലും പിന്തുണ നല്‍കുന്ന നേതൃത്വത്തിന്‍റെ നിലപാടുമൂലമാണെന്ന് മറുവിഭാഗത്തിന് അഭിപ്രായമുണ്ട്.

കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയെ പിരിച്ചു വിടുന്ന തരത്തിലേക്ക് ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടുത്താൻ ഒരു വിഭാഗം രംഗത്തു വരുന്നതും തുടർന്ന് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനവും മറ്റു പ്രതിഷേധങ്ങളും സംഘടിപ്പിച്ചതിന് പിന്നിലും ജില്ലയിലെ ചില നേതാക്കൾക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നുണ്ട്.യഥാര്‍ത്ഥത്തില്‍ അധികാരവും സമ്പത്തും കയ്യാളിവച്ചിരുന്ന പക്ഷത്തിനെതിരെ കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ ശക്തമായ ബഹളവും മല്‍സരവും പിടിച്ചെടുക്കലും നടന്നതാണ്. എന്നാല്‍ നേതൃത്വത്തിന്‍റെ പിന്തുണ വേണ്ടുവോളം ലഭിച്ച പി ആര്‍ വസന്തന്‍പക്ഷം വീണ്ടും ഏരിയാ കമ്മിറ്റി സ്വന്തമാക്കി.അന്നത്തെ പോരാളികള്‍ ചാവേറുകളായി പല പാര്‍ട്ടി വേദികളിലും തലയറ്റുവീണപ്പോള്‍ നേതൃത്വം തിരിഞ്ഞുനോക്കിയില്ല. സംസ്ഥാന നേതൃത്വത്തിന് കരുനാഗപ്പള്ളിയിലെ പ്രശ്നം മുഴുവന്‍ബോധ്യപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇളിഭ്യരായി. പോരാളികള്‍ നേതൃത്വത്തിലേക്ക് ചുമ്മിക്കൊണ്ടുവന്നവര്‍ വസന്തന്‍പക്ഷത്തിന്‍റെ ചുങ്കപ്പിരിവുകാരായി. ഇതിന്‍റെ എല്ലാ ഫലമാണ് സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍കോടി പക്ഷം നയിച്ച ചാവേര്‍ആക്രമണം. സ്വയം പൊട്ടിത്തെറിച്ചെങ്കിലും കരുനാഗപ്പള്ളിയിലെ പാര്‍ട്ടി എന്താണെന്ന് നേതൃത്വത്തിനെ മനസിലാക്കി കൊടുക്കാനായി എന്ന് ഈ വിമതപക്ഷത്തിന് ആശ്വസിക്കാം. ചൊറി കുത്തി പുണ്ണാക്കിയത് നേതൃത്വമാണെന്ന വിശ്വസിക്കുന്ന ധാരാളംപേര്‍ കരുനാഗപ്പള്ളിയിലുണ്ട്. ജനകീയ രാഷ്ട്രീയത്തിനു പകരം മാഫിയ രാഷ്ട്രീയത്തിന് വളമിട്ടതിന്‍റെ വിളവാണ് നേതൃത്വം കൊയ്തെടുത്ത്. പകരം കരുനാഗപ്പള്ളിയില്‍ ശക്തമായിരുന്ന പാര്‍ട്ടി പലമേഖലകളിലും പിന്നോക്കം പോയി. ഈ ദൗര്‍ബല്യത്തോടെയാണ് തദ്ദേശതിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിക്ക് ഇടതുപക്ഷത്തെ നയിക്കേണ്ടതെന്ന പോരായ്മ പാര്‍ട്ടി സ്നേഹികളെ അലട്ടുന്നു.

ഇതിനിടെ കരുനാഗപ്പള്ളിയിൽ ചുമതലയേറ്റ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. മനോഹരൻ്റെ നേതൃത്വത്തിലുള്ള അഡ് ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലോക്കൽ കമ്മിറ്റികളുടെയും യോഗം ചേർന്നു. ലോക്കൽ അടിസ്ഥാനത്തിൽ ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗവും പ്രത്യേകം വിളിച്ചു ചേർത്തിരുന്നു. ഈ യോഗങ്ങളിലെല്ലാം പാർട്ടിയെ വെല്ലുവിളിച്ച് പരസ്യ പ്രതിഷേധം നടത്തിയവർക്കെതിരെ നടപടി വൈകുന്നതിൽ ശക്തമായ പ്രതിഷേധമാണ് വസന്തന്‍പക്ഷം ഉയർത്തിയത്. പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നവരിൽ ചിലർ ഇത്തരത്തിൽ വിളിച്ചു ചേർക്കപ്പെട്ട യോഗങ്ങളിൽ പങ്കെടുത്തതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കരുനാഗപ്പള്ളിയിലെ പ്രത്യേക സാഹചര്യത്തിൽ ലോക്കൽ സമ്മേളനങ്ങൾ എല്ലാം ജില്ലാ -സംസ്ഥാന നേതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടന്നത്. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം മുതിർന്ന നേതാക്കളായ കെ. രാജഗോപാൽ.കെ. വരദരാജൻ, കെ. സോമപ്രസാദ്, ജെ. മേഴ്സിക്കുട്ടിയമ്മ, എസ്. ജയ മോഹൻ, എം. ശിവശങ്കരപ്പിള്ള തുടങ്ങിയ നേതാക്കൾ അടങ്ങിയ ടീമാണ് ലോക്കൽ സമ്മേളനങ്ങൾ നടത്തി പൂർത്തിയാക്കിയത്. ഈ സമ്മേളനങ്ങളിലെ നടത്തിപ്പിൽ യാതൊരു പങ്കുമില്ലാതിരുന്ന ഏരിയ കമ്മിറ്റിയെ പക്ഷേ സമ്മേളനങ്ങൾ അലങ്കോലമായത്തിന്റെ പേരിൽ പിരിച്ചുവിടുകയായിരുന്നു. തങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്വം പ്രതിസന്ധിക്കിടയിലും പൂർത്തിയാക്കിയ മുതിർന്ന നേതാക്കളെ കൂടി പരിഹസിക്കുന്ന തരത്തിൽ ഇത്തരം സമ്മേളനങ്ങൾ ഉൾപ്പെടെ റദ്ദാക്കിയതിന് പിന്നിലും ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ഉണ്ടെന്ന വിലയിരുത്തൽ ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷ വിഭാഗത്തിനുമുണ്ട്. രണ്ടുദിവസമായി കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിന്റെ ചർച്ചകളിൽ എല്ലാം ഇത്തരം കാര്യങ്ങൾ ഉയർന്നു വരാൻ സാധ്യതയുണ്ട്. കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റി രസീതില്ലാതെ കാൽക്കോടിയോളം രൂപ പാർട്ടി ഓഫീസ് ഫണ്ടിൻ്റെ മറവിൽ പിരിച്ചെടുത്ത സംഭവത്തിലും സംസ്ഥാന കമ്മിറ്റി അംത്തിന്‍റെ കായൽ കയ്യേറ്റത്തിലും ബന്ധു നിയമനങ്ങളിലും ഉൾപ്പെടെയുള്ള സംഭവങ്ങളിലും നടപടി ഉണ്ടാകാതെ സംരക്ഷിക്കപ്പെട്ടതിനു പിന്നിലും കരുനാഗപ്പള്ളിയിൽ പുതിയ നേതൃത്വം വരണമെന്ന ലക്ഷ്യത്തോടെ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയ നീക്കങ്ങൾ ആണെന്നും ആരോപണമുണ്ട്. കരുനാഗപ്പള്ളിയിലെ ഔദ്യോഗികപക്ഷ നേതാവ് പിആര്‍ വസന്തനെ ജില്ലാ കമ്മിറ്റിയില്‍നിന്നും ഒഴിവാക്കുമെന്ന സൂചനയും വരുന്നുണ്ട്.