കൊല്ലം രാജ്യത്തെ ഏറ്റവും വിലയേറിയ നഗരമാകുമോ, വൈകാതെ വെളിവാകും

Advertisement

കൊല്ലം:കൊല്ലം കണ്ടാല്‍ ഇനി ഇല്ലം വേണ്ടാത്ത നില വന്നേക്കും, കൊല്ലം രാജ്യത്തെ ഏറ്റവും വിലയേറിയ നഗരമാകുമോ എന്ന് വൈകാതെ വെളിവാകും. ആഴക്കടല്‍ എണ്ണ പര്യവേഷണവുമായി ബന്ധപ്പെട്ട് കൊല്ലം തുറമുഖത്ത് എണ്ണക്കിണര്‍ സ്ഥാപിക്കുന്ന പരിശോധന നടത്തുന്നതിനായി അധികൃതരും കമ്ബനി പ്രതിനിധികളും തുറമുഖം സന്ദര്‍ശിച്ചു.
ആര്യഓഫ്ഷോര്‍ കമ്ബനിയുടെ റീജണല്‍ ഹെഡ് (ഈസ്റ്റ്) മുഹമ്മദ് യാക്കൂബ്, ലൊക്കേഷന്‍ മാനേജര്‍ പി.ബി. കൃഷ്ണകുമാര്‍, മാനേജര്‍ (പോര്‍ട്ട് ഓപ്പറേഷന്‍) അനൂപ് കൃഷ്ണന്‍ കെ എന്നിവരടങ്ങിയ സംഘമാണ് തുറമുഖത്ത് എത്തിയത്.

റീജണല്‍ ഓഫീസില്‍ വച്ച്‌ തുറമുഖത്തിലെ സൗകര്യങ്ങള്‍ അവലോകനം ചെയ്ത ശേഷം സംഘം തുറമുഖത്ത് നേരിട്ടെത്തി സൗകര്യങ്ങള്‍ വിലയിരുത്തി. 2025 ആഗസ്തില്‍ റിഗ്ഗുകളും കപ്പലുകളും കൊല്ലത്ത് എത്തിച്ച്‌ ആഴക്കടലില്‍ എണ്ണ കിണര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കമ്ബനിപ്രതിനിധികള്‍ അറിയിച്ചു.

നിലവില്‍ കമ്ബനി ആന്‍ഡമാന്‍ കടലില്‍ എണ്ണ കിണര്‍ സ്ഥാപിക്കല്‍ നടന്നു കൊണ്ടിരിക്കുകയാണ്. തുറമുഖ ഓഫീസറുടെ അധികച്ചുമതലയുള്ള ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പി. കെ, സുനില്‍ ആര്‍, അലക്‌സ്ജി. ജോര്‍ജ് എന്നിവര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഇന്ധന-വാതക സാധ്യത പ്രതീക്ഷിച്ചാണ് പര്യവേഷണം തുടങ്ങുന്നത്. യുകെ ആസ്ഥാനമായി കമ്ബനിയുമായി 1287 കോടിയുടെ (154 ദശലക്ഷംഡോളര്‍) കരാര്‍ ആണ് പെട്രോളിയം മന്ത്രാലയം ഒപ്പിട്ടിരിക്കുന്നത്. ഇവരില്‍ നിന്ന് എണ്ണക്കിണര്‍ സ്ഥാപിക്കാനുള്ള ഉപകരാറാണ് ആര്യ ഓഫ്‌ഷോര്‍ കമ്ബനി എടുത്തിരിക്കുന്നത്.

തീരത്തു നിന്ന് 48 കിലോമീറ്റര്‍ അകലെയാകും ഇന്ധന പര്യവേഷണം നടത്തുക. ഇന്ധന പര്യവേഷണം ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഷിപ്പിങ് ഏജന്‍സി മുഖേന തുറമുഖത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കൊല്ലത്തെ പ്രധാന ആശുപത്രികളുടെ വിവരങ്ങള്‍, ദൂരം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയാണ് ശേഖരിച്ചത്. നഗരത്തിലെ നക്ഷത്രഹോട്ടലുകളും പട്ടികയും കൈമാറിയിരുന്നു.

പര്യവേഷണത്തിനുള്ള ഡ്രില്ലറുകള്‍, കൂറ്റന്‍ പൈപ്പുകള്‍ മറ്റ് യന്ത്രസാമഗ്രികള്‍ എന്നിവ കൊല്ലം തുറമുഖത്ത് സൂക്ഷിക്കുന്നതിനുള്ള സൗകര്യവും നേരത്തെ വിലയിരുത്തിയിരുന്നു. പര്യവേഷണ കപ്പലിനും ചെറുകപ്പലുകള്‍ക്കും ടഗ്ഗുകള്‍ക്കും ഇന്ധനം നിറയ്‌ക്കുന്നതിനുള്ള സൗകര്യം താല്‍ക്കാലിക ഓഫീസ്മുറി എന്നിവയും തുറമുഖത്ത് സജ്ജമാക്കും. പര്യവേഷണം ആരംഭിക്കുന്നതോടെ ക്രൂ ചെയ്ഞ്ച് (കപ്പല്‍ ജീവനക്കാര്‍ മാറി കയറുന്നതിന്) വേണ്ടിവരും. ഇതിന് ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് പ്രവര്‍ത്തനം ആരംഭിക്കും.