ശാസ്താംകോട്ട:തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ
പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.കേസ്സിലെ ഒന്നാം പ്രതിയും പന്മന ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരനുമായ ഓച്ചിറ ചങ്ങൻകുളങ്ങര ശാസ്ത്ര വീട്ടിൽ വിനോദ് കുമാർ,രണ്ടാം പ്രതി കരുനാഗപ്പള്ളി കുലശേഖരപുരം മാധവത്ത് വീട്ടിൽ ഗണപതി എന്ന് വിളിക്കുന്ന രാജേഷ് കുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കൊല്ലം സെഷൻസ് കോടതി തള്ളിയത്.ദേവസ്വം കമ്മീഷ്ണർ എന്ന് പരിചയപ്പെടുത്തിയിരുന്ന മൂന്നാം പ്രതി തിരുവല്ല കുരിയന്നൂർ തുണ്ടിൽ വീട്ടിൽ ഓമനക്കുട്ടൻ ജാമ്യാപേക്ഷ നൽകിയിരുന്നില്ല.
എൻജിഒ യൂണിയൻ നേതാവ് കൂടിയായിരുന്ന വിനോദാണ് തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരൻ.ശൂരനാട് തെക്ക് ഇഞ്ചക്കാട് രേവതി നിലയം വീട്ടിൽ രവിനാഥൻപിള്ളയിൽ നിന്നും മകന് ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസർ തസ്തിയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്സ്.35 ലക്ഷം ആവശ്യപ്പെട്ടതിൽ 2 തവണയായി 5 ലക്ഷം വീതം ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറിയത്.അതിനിടെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലും ശൂരനാട് പൊലീസ് തയ്യാറാകുന്നില്ലെന്നും മൂന്നാം പ്രതിയിലേക്ക് ഇതുവരെ അന്വേഷണം എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ആരോപണ വിധേയനായ വിനോദിനെ എൻജിഒ യൂണിയൻ ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.കഴിഞ്ഞ ദിവസം പന്മന പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ജീവനക്കാരനായ വിനോദിനെ സസ്പെൻഡ് ചെയ്തിരുന്നു.2022 സെപ്തംബറിലാണ് തട്ടിപ്പ് നടന്നത്.