ശാസ്താംകോട്ട. ശുദ്ധജല തടാകതീരത്ത് നിന്നും മണ്ണെടുപ്പിന് വന്‍ പദ്ധതി. സംരക്ഷിത തണ്ണീര്‍ത്തടമെന്ന കാരണത്താല്‍ കാലങ്ങളായി തീരത്തെ മൂന്നു പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന നിരോധന ഉത്തരവ് മറികടന്നാണ് തടാകത്തിന്റെ തെക്കന്‍ തീരത്തുനിന്നും 1700 ലോഡ് മണ്ണെടുത്തു കടത്താന്‍ സ്വകാര്യ വ്യക്തി അനുമതി നേടിയത്. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കിയ അനുമതിയുടെ പിന്‍ബലത്തിലാണ് വീടുവയ്ക്കാന്‍ തറ ഒരുക്കലിന്റെ പേരില്‍ പടിഞ്ഞാറേകല്ലട വിളന്തറക്ക് സമീപത്തെ വലിയ ഒരു കുന്നിന്‍പ്രദേശം മണ്ണെടുത്തുമാറ്റാന്‍ മൈനിംങ് ജിയോളജി ജില്ലാ ഓഫീസര്‍ അനുമതി നല്‍കിയത്. ഡിസംബര്‍ 17മുതല്‍ 31 വരെ 1703 ലോഡ് മണ്ണ് നീക്കാനാണ് അനുമതി.
തീരത്തെ ഖനനം നിരോധിച്ച് കാലാകാലംപുതുക്കുന്ന ഉത്തരവ് നിലവില്‍ ഒക്ടോബര്‍ 25 മുതല്‍ നാലുമാസത്തേക്കാണ് ഉള്ളത്. അതായത് ഖനനം നിരോധിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് നിലവിലുണ്ട്. ഇപ്പോള്‍ മണ്ണെടുക്കാന്‍ ഉദ്ദേശിക്കുന്ന കുന്നിന്‍ പ്രദേശം നേരത്തേ ഗുരുതരമായ മണ്ണെടുപ്പിനും കല്ലുവെട്ടിനും വിധേയമായഭാഗമാണ്.
പടിഞ്ഞാറേകല്ലടയില്‍ നടന്ന കരമണല്‍ ഖനനവും കല്ലുവെട്ടും മണ്ണെടുപ്പുമാണ് 2000 മുതല്‍ 2016വരെയുള്ള കാലം തടാകം അമിതമായി വറ്റുന്നതിന് കാരണമാകുന്നതെന്ന് സിഡബ്‌ളിയുആര്‍ ഡിഎം നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഇക്കാലയളവില്‍ തടാക സംരക്ഷണ സമിതി ആക്ഷന്‍കൗണ്‍സില്‍, പടിഞ്ഞാറേകല്ലട സംരക്ഷണ സമിതി എന്നി സംഘടനകള്‍ ശക്തമായ സമരവും പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് തയ്യാറാക്കിയ മാനേജുമെന്റ് ആക്ഷന്‍പ്‌ളാന്‍(എംഎപി) ഇപ്പോള്‍ നടപ്പിലാക്കലിന്റെ തലത്തിലാണ്.