ശാസ്താംകോട്ട. തടാകതീരത്തുനിന്നും മണ്ണെടുക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് പടിഞ്ഞാറേകല്ലട പഞ്ചായത്ത് പ്രസിഡന്‌റ് ഡോ. സി ഉണ്ണികൃഷണന്‍ പറഞ്ഞു. പരിസ്ഥിതിലോലമായ പഞ്ചായത്ത് പരിധിയില്‍ ഇത്തരം ഒരനുമതി നല്‍കുന്നതിന് മുമ്പ് പഞ്ചായത്തിലും വില്ലേജിലും ഒരു റിപ്പോര്‍ട്ട് പോലും ചോദിച്ചില്ല എന്നത് ഇതിനുപിന്നിലെ അഴിമതി വ്യക്തമാക്കുന്നു. തിട്ട ഇടിഞ്ഞുവീണ് വീട് അപകടത്തിലായ സാഹചര്യത്തില്‍ പോലും നാലുലോഡ് മണ്ണ് നീക്കി വീട് സുരക്ഷിതമാക്കാന്‍ പെര്‍മിറ്റുവാങ്ങാന്‍ പാടുപെട്ടകഥയുണ്ട് പഞ്ചായത്തില്‍. അപ്പോഴാണ് തടാക തീരത്തുനിന്നും 1703 ലോഡ് മണ്ണ് എടുത്തു കടത്താന്‍ പെര്‍മിറ്റ് പുല്ലുപോലെ നേടിയെടുത്തത്. ഇത് അന്വേഷിക്കണം. പഞ്ചായത്ത് വീടിന് നല്‍കിയ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കലക്ടറെ നേരില്‍ കണ്ട് വിഷയം ധരിപ്പിക്കുമെന്നും ഡോ.സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ആയിരങ്ങളുടെ തൊഴിലും വരുമാനവും നിലയ്ക്കുമെന്ന ഭീഷണി പോലും അവഗണിച്ചാണ് 2010-15 കാലഘട്ടത്തില്‍ പഞ്ചായത്തിലെ എല്ലാത്തരം ഭൂ ദുര്‍വിനിയോഗവും അവസാനിപ്പിച്ചതെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും പടിഞ്ഞാറേകല്ലട സംരക്ഷണ സമിതി കണ്‍വീനറുമായ ബി തൃദീപ് കുമാര്‍ പറഞ്ഞു. ഒരു പാട് എതിര്‍പ്പുകളെ അവഗണിച്ചാണ് അന്നത്തെ പഞ്ചായത്ത് കമ്മിറ്റി ധീരമായി കരമണല്‍ കടത്തും മണ്ണെടുപ്പും ചെളികുത്തും അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്. എല്ലാ രാഷ്ട്രീയ കക്ഷികളിലെയും യുവാക്കള്‍ ഒന്നിച്ചുനിന്നാണ് ആ തീരുമാനം നടപ്പാക്കിയത്. അതുമൂലമുണ്ടാകുന്ന തൊഴില്‍, വരുമാന നഷ്ടം മറികടക്കാനാണ് സോളാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഇനി പഞ്ചായത്തിനെ പഴയ നിലയിലേക്ക് കൊണ്ടുപോകാന്‍ നടക്കുന്ന ഏതു നീക്കത്തെയും അതിശക്തമായി ചെറുക്കുമെന്ന് തൃദീപ്കുമാര്‍ പറഞ്ഞു.
ശാസ്താംകോട്ട തടാകം ഗുരുതരമായ വരള്‍ച്ചയിലേക്ക് പോയത് മേഖലയിലെ ഭൂ ദുര്‍വിനിയോഗം മൂലമാണെന്ന് ശാസ്ത്രീയമായി പഠനം നടത്തി തെളിയിച്ചതാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും നിരോധനം നടപ്പാക്കുന്നതെന്നും തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. വന്‍പ്രക്ഷോഭങ്ങളുടെ അനന്തരഫലമാണ് ഭൂമി സംരക്ഷിക്കാനുള്ള നിരോധനവും ജല ചൂഷണം കുറയ്ക്കാനുള്ള പുതിയ ജല പദ്ധതിയും. ഭൂ ദുര്‍വിനിയോഗത്തിലൂടെ പണമുണ്ടാക്കുന്ന ഉദ്യോഗസ്ഥരാണ് ഈ നീക്കത്തിന് പിന്നിലെന്നും മാഫിയകളായിമാറുന്ന ഇവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സമിതി ചെയര്‍മാന്‍ എസ് ബാബുജി വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ്, ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി എന്നിവര്‍ ആവശ്യപ്പെട്ടു. മണ്ണെടുത്ത് കടത്താനുള്ള ഏതു നീക്കവും ചെറുക്കും. ഇതിനായി സര്‍ക്കാര്‍ വാങ്ങിയ ആറുലക്ഷത്തില്‍പരം രൂപ തിരിച്ചുനല്‍കണമെന്നും നിരോധനം പരിഗണിക്കാതെ അനുമതി നല്‍കിയ ജില്ലാ ജിയോളജിസ്റ്റിനെതിരെ കേസെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.