ഹരികുമാര്‍ കുന്നത്തൂര്‍
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മൊബൈൽ ഫോണിൻ്റെ ദുരുപയോഗം വർദ്ധിക്കുന്നത് ഭീഷണിയായി.കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന കാലത്ത് സ്കൂളുകൾ അടച്ചിട്ടതിനെ തുടർന്ന് ആരംഭിച്ച ഓൺലൈൻ പഠനത്തോടെയാണ് വിദ്യാർത്ഥികളിൽ മൊബൈൽ ഫോണിൻ്റെ ഉപയോഗം വർദ്ധിച്ചത്.അക്കാലത്ത് ഫോൺ വാങ്ങാൻ സാമ്പത്തിക ശേഷി ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മത്സരിച്ചാണ് ഫോണുകൾ എത്തിച്ചു നൽകിയിരുന്നത്.ഇതോടെ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പോലും മൊബൈൽ ഫോണുകൾ സുലഭമായി.അഞ്ച് മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കെല്ലാം ആൺ-പെൺ വ്യത്യാസമില്ലാതെ വില കൂടിയ ഫോണുകൾ ഉള്ളതായി അധ്യാപകർ പോലും സമ്മതിക്കുന്നു.
ഭൂരിഭാഗം വിദ്യാർത്ഥികളും ഫോണുകൾ സ്കൂളുകളിൽ കൊണ്ടുവരികയും ക്ലാസ് സമയത്തു പോലും ഉപയോഗിക്കുകയും ചെയ്യുന്നതായാണ് വിവരം.അധ്യാപകർ വിലക്കിയാൽ പോലും ചില കുട്ടികൾ അനുസരിക്കാറില്ലത്രേ.മൊബൈൽ ഫോണുകളുടെ ഉപയോഗത്തിന് കുട്ടികളെ പ്രേരിപ്പിക്കുന്ന അധ്യാപകരും വളരെയേറെയാണ്.പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള അസൈൻമെൻ്റുകളും പ്രോജക്ടുകളും നോട്ട്സും അടക്കം തയ്യാറാക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന അധ്യാപകർ വളരെയേറെയാണ്.ഇതിനാൽ വിദ്യാർത്ഥികളിൽ പത്രവായനയും വായനാശീലവും കുറഞ്ഞതായും റിപ്പോർട്ടുണ്ട്.വിവരങ്ങൾ ശേഖരിക്കാൻ ലൈബ്രറികളിൽ പോകുന്ന പതിവും വിദ്യാർത്ഥികൾക്കിടയിൽ ഇപ്പോഴില്ല.ചില വിദ്യാഭ്യാസ ആപ്പുകൾ വഴി ഓൺലൈൻ പഠനത്തിന് അധ്യാപകർ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കൾക്ക് പരാതിയുണ്ട്.
മുമ്പ് വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതിന് സ്കൂൾ അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.ഫോൺ കൊണ്ടുവരുന്ന വിദ്യാർത്ഥികളിൽ നിന്നും അവ പിടിച്ചെടുക്കുക പതിവായിരുന്നു.എന്നാൽ അധ്യാപകർക്കും സ്കൂൾ അധികൃർക്കും നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറത്തേക്ക് വിദ്യാർത്ഥികൾക്കിടയിൽ മൊബൈൽ ഉപയോഗം വർദ്ധിച്ചിരിക്കയാണ്.മൊബൈലിൻ്റെ
അമിത ഉപയോഗം വിദ്യാർത്ഥികളിൽ ക്രിമിനൽവാസന വളരുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ അധികൃതരും സമ്മതിക്കുന്നു.