ശാസ്താംകോട്ട. തടാക തീരത്തുനിന്നും വന്‍തോതില്‍ മണ്ണെടുപ്പിന് അനുമതി നല്‍കിയ സംഭവത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് തടാക സംരക്ഷണ സമിതി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.പടിഞ്ഞാറേകല്ലട പഞ്ചായത്തിന് മുന്നില്‍ സമരവുമായി യുഡിഎഫ്
വര്‍ഷങ്ങളായി തുടരുന്ന ഖനന നിരോധനത്തിന്റെ ഭാഗമായി 2024 നവംബര്‍ 24 മുതല്‍ നാലുമാസത്തേക്ക് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച നിരോധനം നിലനില്‍ക്കുമ്പോഴാണ് ജില്ലാ ജിയോളജിസ്റ്റ് തടാകതീരത്തെ ഭൂമിയില്‍നിന്നും 1703 ലോഡ് മണ്ണ് കടത്താന്‍ അനുമതി നല്‍കിയത്,
ശാസ്താംകോട്ട ശുദ്ധജല തടാകം അന്തര്‍ദേശീയ റാംസര്‍ തണ്ണീര്‍ത്തടപട്ടികയില്‍ പെട്ടതും പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട മേഖലയാണെന്നും സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകള്‍ക്കും അറിവുള്ളതാണ്. തടാകം അമിതമായി വരണ്ടുണങ്ങിയത് 2000ന് ശേഷം ഇതിന്റെ തെക്കന്‍ തീരത്തുള്ള പടിഞ്ഞാറേകല്ലടയിലുണ്ടായ അമിതമായ ഭൂ ദുര്‍വിനിയോഗം മൂലമായിരുന്നു. മണ്ണെടുപ്പ്, കല്ലുവെട്ട്, ചെളിയെടുക്കല്‍, കരമണല്‍(വയലുകളില്‍ നിന്നും)ഖനനം എന്നിവയായിരുന്നു പ്രശനം. ഇത് സിഡബ്‌ളിയുആര്‍ഡിഎം നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ വ്യക്തമായിരുന്നു.അതിന്‌ശേഷം തടാകത്തിന് അതിരിടുന്ന ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടറുടെ ഓഫീസിൽ നിന്നുള്ള കാലാകാലങ്ങളിലെ ഉത്തരവു മുഖേന പൂർണ്ണമായും നിരോധിച്ചിരിക്കയുമാണ്.
ഇതു മറികടന്ന് ജില്ലാ ജിയോളജിസ്റ്റിൻ്റെ അനുമതി പത്രം കലക്ടറുടെ ഉത്തരവിനേയും മറ്റെല്ലാ പരിസ്ഥിതി നിയമങ്ങളേയും ലംഘിച്ചുകൊണ്ട് വലിയ ഒരു ഗൂഢാലോചനയിൽ നിന്ന് രൂപം കൊണ്ടതാണെന്നന്ന് തടാക സംരക്ഷണ സമിതി ആരോപിച്ചു.
കേവലം 20.9 ആർ (ഏകദേശം 52 സെൻ്റ്) സ്ഥലത്ത് നിന്ന് 17000 ന് മേൽ മെട്രിക് ടൺ (1703 ലോഡ് ) മണ്ണ് എങ്ങിനെ കുഴിച്ചെടുക്കും. കുന്നാണെങ്കിൽ പോലും ആ ഭാഗം വലിയ ഗർത്തമായി മാറും അല്ലെങ്കിൽ ഇതിൻ്റെ മറവിൽ 1700 ൻ്റെ എത്രയോ ഇരട്ടി മണ്ണ് കുഴിച്ചെടുക്കാനുള്ള ഗൂഢാലോചന ഒളിഞ്ഞിരിപ്പുണ്ട്. ഇത് കെ എം എം സി ആറി
ൻ്റെ നിബന്ധനകളുടെ നഗ്നമായ ലംഘനമാണ്. സുപ്രീം കോടതി നിഷ്കർഷിക്കുന്ന പരിസ്ഥിതി അനുമതി ഇവിടെ ലഭിച്ചിട്ടില്ല ,കാരണം ഈ ഖനനം സംബന്ധിച്ച് പ്രസ്തുത ഗ്രാമ പഞ്ചായത്തോ ഗ്രാമസഭയോ ഒരു കാര്യവും അറിഞ്ഞിട്ടില്ലാത്തതാണ്. സര്‍ക്കാരിലേക്ക് റോയൽറ്റി ഇനത്തിൽ ആറുലക്ഷത്തി എൺപതിനായിരത്തിന് മേൽ തുക അടച്ചു നടത്തുന്ന ഈ കൊള്ളയിൽ നിന്ന് വൻ തുക ലാഭം ഉണ്ടാവണമല്ലോ. മൈനിംങ് ജിയോളജി ജില്ലാ ഓഫീസര്‍ കുറ്റകരമായ ഉത്തരവാദിത്വമില്ലായ്മയാണ് ഇതിൽ കാണിച്ചത് .
ഒരു വീടുവയ്ക്കാന്‍ പഞ്ചായത്ത് നല്‍കിയ പെര്‍മിറ്റിന്റെ മറവിലാണ് ഈ നഗ്നമായ നിയമലംഘനം നടപ്പാക്കുന്നത്. ഡിസംബര്‍ 17മുതല്‍ 31വരെ സമയ പരിധിയും നിശ്ചയിച്ചതിൽ തന്നെ ശക്തമായ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണ്.
അനിയന്ത്രിതമായ ചെളിമണൽ ഖനനം വഴി ദുരന്തഭൂമിയായി മാറിയ പടി കല്ലട പഞ്ചായത്ത് സാവധാനമെങ്കിലും കരകയറി വരുമ്പോഴാണ് വീണ്ടുമുള്ള ഈ ആഘാതം. ഇത് തടാകത്തിൻ്റെ വലിയ തോതിലുള്ള തകർച്ചക്കും കാരണമാകും. മണ്ണെടുത്ത് കടത്താനുള്ള ഏതു നീക്കവും ജനത്തെ സംഘടിപ്പിച്ച് ചെറുക്കും. അതിനാൽ അടിയന്തിരമായി റോയൽറ്റി തുക തിരികെ നൽകി,ജില്ലാ ജിയോളജിസ്റ്റിൻ്റെ മേൽ സൂചിപ്പച്ച അനുമതി രേഖ റദ്ദ് ചെയ്യണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അനുമതി നല്‍കിയ ജില്ലാ ജിയോളജിസ്റ്റിനെതിരെ കേസെടുക്കണമെന്നും സമിതി ചെയര്‍മാന്‍ എസ് ബാബുജി,വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ്, ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി എന്നിവര്‍ ആവശ്യപ്പെട്ടു.
അതിനിടെ വീട് നിർമ്മിക്കാൻ എന്ന വ്യാജേന പെർമിറ്റ് നൽകി മണ്ണ് മാഫിയയ്ക്ക് ഒത്താശ നൽക്കുന്ന പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ തിങ്കളാഴ്ച ധര്‍ണ നടത്തും.