ശാസ്താംകോട്ട. തടാകത്തിന്റെ വൃഷ്ടിപ്രദേശമായ അതീവ പരിസ്ഥിതി ദുർബല മേഖലയും, മണൽ, മണ്ണ്, ചെളി എന്നിവയുടെ ഖനനം നിരോധിച്ചിട്ടുള്ള പ്രദേശമായ പടി:കല്ലട പുതുശ്ശേരി മുകൾ ഭാഗത്ത് നിന്നും വീടു നിർമ്മിക്കാനെന്ന രീതിയിൽ പെർമിറ്റ് ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ തരപ്പെടുത്തുകയും അതിന്റെ മറവിൽ കുന്നിടിച്ച് 1700 ലധികം ലോഡ് മണ്ണ് കടത്താനുള്ള നീക്കം ചെറുക്കുമെന്നും പെർമിറ്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും മണ്ണ് മാഫിയ വീണ്ടും പടി:കല്ലടയിലേക്ക് കടന്ന് വരുവാനുള്ള ശ്രമത്തെ ചെറുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പടി:കല്ലടയിലെ യുഡിഎഫ് അംഗങ്ങൾ ധർണ്ണ നടത്തി. പാർലമെന്ററി പാർട്ടി ലീഡർ ബി. തൃദീപ് കുമാർ അധ്യക്ഷത വഹിച്ചു. തടാക സംരക്ഷണ സമിതി വൈസ് ചെയർമാൻ തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്തംഗം വൈ. ഷാജഹാൻ, പഞ്ചായത്തംഗങ്ങളായ എന്. ശിവാനന്ദൻ , റജില. ആർ, ലൈല സമദ്, നേതാക്കളായ ഉല്ലാസ് കോവൂർ. കടപുഴ മാധവൻപിള്ള, സുരേഷ് ചന്ദ്രൻ, സുഭാഷ് കല്ലട, സുബ്രമണ്യൻ, കിഷോർ, മോഹനൻ ,പോൾ സ്റ്റഫ്, റജിലബീഗം, ഉണ്ണികൃഷ്ണൻ , സെബാസ്റ്റ്യൻ, സാബിൻ എന്നിവർ സംസാരിച്ചു.