പരവൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൂതക്കുളം അമ്മാരത്തുമുക്ക് ഷാജി നിവാസില്‍ ഷാജി (54) ആണ് അറസ്റ്റിലായത്. പ്രവാസിയായിരുന്ന ഷാജി നാട്ടിലെത്തിയ ശേഷം പലപ്പോഴും ഭാര്യ ബിന്ദുവുമായി വഴക്കിടുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ കാന്റീന്‍ ജീവനക്കാരിയായ ബിന്ദുവും ഷാജിയും തമ്മില്‍ കുറച്ച് നാളായി വേര്‍ പിരിഞ്ഞു കഴിയുകയായിരുന്നു. ബന്ധുക്കള്‍ മുഖേന ഒത്തുതീര്‍പ്പിലെത്തിയതിനെ ബിന്ദു ഷാജിയുടെ വീട്ടില്‍ എത്തിയിരുന്നു.
ഇവിടെ വച്ച് വീണ്ടും വാക്കുതര്‍ക്കം ഉണ്ടായി. അക്രമാസക്തനായ ഷാജി വെട്ടുകത്തി ഉപയോഗിച്ച് ബിന്ദുവിനെ തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശേഷം ഇയാള്‍ സ്വയം കഴുത്തിലും വയറ്റിലും കുത്തി മുറിവേല്‍പ്പിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ പരവൂര്‍ പോലീസില്‍ വിവരമറിയിക്കുകയും ഇരുവരേയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത പോലീസ് ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.