കുണ്ടറയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്പന: യുവാവ് പിടിയില്‍

Advertisement

കുണ്ടറ: ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ യുവാവ് പിടിയില്‍. ചെറുമൂട് ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരികച്ചവടം നടത്തി വന്നിരുന്ന കിളികൊല്ലൂര്‍ ശാസ്താ നഗര്‍ ആനന്ദ വിലാസം വീട്ടില്‍ അക്ബര്‍ഷാ (38) യെ ആണ് കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും കുണ്ടറ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ലോഡ്ജില്‍ നിരവധി യുവാക്കളും കോളേജ് വിദ്യാര്‍ത്ഥികളും ദിവസവും വന്ന് പോകുന്നുവെന്നും മാസങ്ങളായി ലോഡ്ജില്‍ മുറി എടുത്ത് ലഹരി വ്യാപാരം നടത്തുന്നുണ്ടെന്നും റൂറല്‍ എസ്പി കെ.എം. സാബു മാത്യുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാപ്പ കേസ് പ്രതികൂടിയായ അക്ബര്‍ ഷായെ ലോഡ്ജില്‍ നിന്ന് പിടികൂടുകയായിരുന്നു.
ഇയാളില്‍ നിന്ന് ഒരു ഗ്രാം എംഡിഎംഎയും 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊട്ടാരക്കര ഡിവൈഎസ്പി ബൈജു കുമാറിന്റെയും ശാസ്താംകോട്ട ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെയും നേതൃത്വത്തില്‍ ഡാന്‍സാഫ് എസ്‌ഐ ജ്യോതിഷ്, ചിറവൂര്‍ സിപിഒ മാരായ ടി. സജുമോന്‍, എസ്. ദിലീപ്, വിപിന്‍ ക്ലീറ്റസ്, നഹാസ്, ജിഎസ്‌ഐ ശ്രീകുമാര്‍, ജിഎസ്‌ഐ മനു, കുണ്ടറ എസ്‌ഐ പ്രദീപ്, സിപിഒ മാരായ അജിത്കുമാര്‍, അനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.