ശാസ്താംകോട്ട. പുതുശേരി മുകളിലെ വിവാദ മണ്ണെടുപ്പ് സ്ഥലം തഹസില്‍ദാര്‍ സുനിലിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി വിവരങ്ങള്‍ ചോദിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മൈനിംങ് ജിയോളജി വകുപ്പു നല്‍കിയ ദുരൂഹമായ അനുമതി പത്ര പ്രകാരം ഇവിടെ കുന്നിടിച്ച് 1703 ലോഡ് മണ്ണ് കൊണ്ടുിപോകേണ്ടത് 17മുതലാണ്. പ്രദേശത്ത് ഖനന മാഫിയ എത്തുന്നത് നോക്കി വിവിധ രാഷ്ട്രീയ യുവജന സംഘടനകളും പരിസ്ഥിതി സംഘടനകളും കാവലുണ്ട്. റവന്യൂ അധികൃതരോട് ഒരു റിപ്പോര്‍ട്ടം വാങ്ങാതെയാണ് ഇത്ര ഗുരുതരമായ ഖനന പെര്‍മിറ്റ് നല്‍കിയത്.
2013നുശേഷം പൂര്‍ണ്ണമായി നിലച്ച മണ്ണ് ഇടിച്ചു കടത്തലാണ് വിപുലമായതോതില്‍ പുനരാരംഭിക്കാന്‍ നീക്കം നടന്നത്. പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഒരു വനിതയ്ക്ക് വീടുവയ്ക്കാന്‍ നല്‍കിയ പെര്‍മിറ്റിന്‍റെ മറവിലാണ് തടാക തീരത്തെ പഞ്ചായത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഖനനനിരോധനം മറികടന്ന് ജില്ലാ മൈനിംങ് ജിയോളജി ഓഫിസര്‍ അനുമതി നല്‍കിയത്. വീട് പെര്‍മിറ്റ് പഞ്ചായത്ത് ഇന്നലെ റദ്ദാക്കി. ജിയോളജി വകുപ്പ് നല്‍കിയ ഖനന പെര്‍മിറ്റ് റദ്ദാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആറുലക്ഷത്തില്‍ പരം രൂപ സര്‍ക്കാരില്‍ അടച്ചശേഷമാണ് ഖനന സംഘങ്ങള്‍ സ്ഥലത്തെത്തിയിരിക്കുന്നത്. ഇതിനാല്‍തന്നെ ഇത് വീടുവയ്ക്കാന്‍ ശ്രമം നടത്തുന്ന ഒരു കുടുംബമല്ലെന്നും മാഫിയാസംഘമാണെന്നും തടാക സംരക്ഷണസമിതി ആരോപിക്കുന്നു. ഒരു പാര്‍ട്ടിക്ക് അനുമതി നല്‍കിയാല്‍ പടിഞ്ഞാറേകല്ലടയെ തകര്‍ക്കാന്‍ പഴയപോലെ മാഫിയകള്‍ മല്‍സരബുദ്ധിയോടെ രംഗത്തിറങ്ങുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഖനന സംഘങ്ങള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം ചെയ്തും പിന്നാലെ കൂടിയതായും വിവരമുണ്ട്.