പുത്തൂര്‍: കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയ 62 -കാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍. പുത്തൂര്‍ കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മരണവിവരം പുറത്തറിയുന്നത്. രാവിലെ ഏഴരയ്ക്ക് കടയിലേക്ക് പോയ മകന്‍ മനോജ്കുമാര്‍ തിരികെ വന്നപ്പോഴാണ് വീട്ടിലെ അടുക്കളയോടു ചേര്‍ന്ന മുറിയില്‍ ശ്യാമളയമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിച്ച ശ്യാമളയമ്മയുടെ ഭര്‍ത്താവ് ഗോപിനാഥന്‍ പിള്ള റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം രാവിലെ ഭര്‍ത്താവ് ജോലിക്കായി പുറത്തുപോയപ്പോഴാണ് സ്ത്രീ ജീവനൊടുക്കിയതെന്നാണ് നിഗമനം. സംഭവം അറിഞ്ഞെത്തിയ വാര്‍ഡ് അംഗം ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് ശ്യാമളയമ്മയെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഈ വര്‍ഷം മേയ് 28-ന് രാവിലെയാണ് ശ്യാമളയമ്മ വീടിനു സമീപത്തെ കടവില്‍നിന്ന് കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെടുന്നത്. സ്ത്രീ ഒഴുകി പോകുന്ന വീഡിയോയും വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മഴകാരണം വെള്ളമുയര്‍ന്ന നദിയിലൂടെ ഒഴുകി ചെറുപൊയ്ക മംഗലശ്ശേരി കടവിനു സമീപത്ത് എത്തിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അവരെ കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.