കൊട്ടാരക്കര: കേരളത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലെ നവീകരിച്ച ആദ്യത്തെ സുലഭ് കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ആരംഭിച്ചു. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എസ്.ആര്‍. രമേശ് അധ്യക്ഷനായി.
ആധുനിക രീതിയിലാണ് കംഫര്‍ട്ട് സ്റ്റേഷന്‍ സുലഭ് എന്ന ഇന്റര്‍നാഷണല്‍ കമ്പനി നവീകരിച്ചിരിക്കുന്നത്. ഏറെ നാളായി വളരെ ശോചനീയാവസ്ഥയിലായിരുന്നു കൊട്ടാരക്കര കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ജില്ലയിലെ മിക്ക സ്റ്റേഷനുകളിലേയും കംഫര്‍ട്ട് സ്റ്റേഷനുകള്‍. കേരളത്തിലെ 41 കെഎസ്ആര്‍ടിസി സ്റ്റേഷനുകളില്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ ആധുനിക രീതിയില്‍ നവീകരിക്കാനുള്ള നിര്‍മാണ ചുമതല സുലഭ് കമ്പനിയെ കെഎസ്ആര്‍ടിസി ഏല്‍പ്പിച്ചു കഴിഞ്ഞു.
ക്ലോക്ക്‌റൂം, വാട്ടര്‍ ഫില്‍റ്റര്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ കൊട്ടാരക്കര ബസ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പി.എസ്. പ്രമോജ് ശങ്കര്‍ ഐഎഫ്ഒഎസ്, സുലഭ് ഇന്റര്‍നാഷണല്‍ കണ്‍ട്രോളര്‍ അവിനാഷ് കുമാര്‍ തിവാരി, അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട് ഓഫീസര്‍ ബി. അജിത്കുമാര്‍, ഡിപ്പോ എഞ്ചിനീയര്‍ എസ്. ശ്രീകാന്ത്, സുലഭ് കോഡിനേറ്റര്‍ മിനി ബാബു എന്നിവര്‍ സംസാരിച്ചു.