കൊല്ലം: നഗരത്തില്‍ പോലീസ് നടത്തിയ രാത്രികാല പരിശോധനയില്‍ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. തൃക്കോവില്‍വട്ടം ചേരികോണം ലക്ഷംവീട് കോളനിയില്‍ സുധീഷ് ഭവനില്‍ സുധീഷ് (20) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ഈസ്റ്റ്
പോലീസ് പരിശോധന നടത്തി വരവെ സംശയാസ്പദമായി എത്തിയ ഇരുചക്രവാഹന യാത്രികനായ യുവാവില്‍ നിന്ന് 51 മില്ലീഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. സയന്റിഫിക്ക് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചതിലാണ് ഇയാള്‍ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തത്.
കൊല്ലം എസിപി ഷെരിഫിന്റെ നിര്‍ദേശാനുസരണം കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷബ്‌ന, ഷൈജു, സിപിഒമാരായ ജയകൃഷ്ണന്‍, ഷൈന്‍ എന്നിവരും ഡാന്‍സാഫ് എസ്‌ഐ രാജേഷും കൊല്ലം സിറ്റി ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.