പടിഞ്ഞാറേകല്ലട പുതുശേരിമുകളിലെ മണ്ണെടുപ്പ് പെര്‍മിറ്റ് റദ്ദാക്കി ഉത്തരവിറങ്ങി, പെര്‍മിറ്റിനു പിന്നില്‍ മുന്‍ പഞ്ചായത്ത്സെക്രട്ടറി നല്‍കിയ അനുകൂല റിപ്പോര്‍ട്ട്

Advertisement

ശാസ്താംകോട്ട. പടിഞ്ഞാറേകല്ലട പുതുശേരിമുകളിലെ മണ്ണെടുപ്പ് പെര്‍മിറ്റ് റദ്ദാക്കി ഉത്തരവിറങ്ങി. പഞ്ചായത്തിന്റെ വീട് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ഉത്തരവാണ് ജില്ലാ ജിയോളജിസ്റ്റ് റദ്ദാക്കിയത്.
ഭൂ ദുര്‍വിനിയോഗത്തിന് തുടര്‍ച്ചയായി നിരോധന ഉത്തരവ് നിലനില്‍ക്കുന്ന പടിഞ്ഞാറേകല്ലടയിലാണ് പുതുശേരിമുകള്‍ഭാഗത്ത് കുന്നിടിച്ച് 1703 ലോഡ് മണ്ണെടുക്കുന്നതിന് ജില്ലാ ജിയോളജിസ്റ്റ് ഡോ. എ ബദറുദ്ദീന്‍ അനുമതി നല്‍കിയത്.

അനുമതി പഞ്ചായത്തിലെ നിലച്ചിരിക്കുന്ന ഖനനപ്രവര്‍ത്തനങ്ങള്‍പുനരാരംഭിക്കാനിടയാക്കും എന്ന ആശങ്കയുയര്‍ന്നു. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‌റ് ഡോ. സി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് നിവേദനം നല്‍കി, തടാക സംരക്ഷണ സമിതി ജില്ലാ പരിസ്ഥിതി ഏകോപന സമിതി എന്നീസംഘടനകളും ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. യുഡിഎഫ് പഞ്ചായത്തിനുമുന്നില്‍ ധര്‍ണ നടത്തി പ്രശ്‌നം സംഘര്‍ഷ ഭരിതമായതോടെ പഞ്ചായത്തിലെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന്റെ മറവില്‍ നടന്ന നാടകം അവസാനിച്ചിരിക്കുകയാണ്.
എന്നാല്‍ പഞ്ചായത്തില്‍നിന്നും മുന്‍ സെക്രട്ടറി നല്‍കിയ അനുകൂല റിപ്പോര്‍ട്ടാണ് ഇത്തരം ഒരു പെര്‍മിറ്റിന് ആധാരമായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വീട് വയ്ക്കാന്‍ മണ്ണ് നീക്കേണ്ടത് ആവശ്യമാണെന്ന് തന്ത്രപരമായി മുന്‍ സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് 2013മുതല്‍ നിരന്തരം നിരോധനം നിലനില്‍ക്കുന്ന പഞ്ചായത്തില്‍ വന്‍ഖനന പെര്‍മിറ്റ് ഖനന മാഫിയ നേടിയെടുത്തത്.
21 ന് നടക്കുന്ന പഞ്ചായത്തുകമ്മിറ്റിയിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തുമെന്ന് മുന്‍ പ്രസിഡന്റും പടിഞ്ഞാറേകല്ലട സംരക്ഷണ സമിതി കണ്‍വീനറുമായ ബി തൃദീപ്കുമാര്‍ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here